ന്യൂഡൽഹി: സംയുക്ത സേനാ മേധാവി (സി.ഡി.എസ്) പദവിയിൽ കരസേന തലവൻ ലഫ്റ്റനൻറ് ജനറൽ മനോജ് മുകുന്ദ് നരവനെക്ക് സാധ്യതയേറി. പദവിയിൽ ഉടൻ നിയമനം ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കര-നാവിക-വ്യോമ സേനാധിപർ ഉൾപ്പെട്ട, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ (സി.ഒ.എസ്.സി)ആയി നരവനെ നിയമിതനായത് സി.ഡി.എസിലേക്കുള്ള ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. സൈന്യവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളെടുക്കുന്നതും ഭാഗികമായി സംയുക്ത സേനാ മേധാവിയുടെ ചുമതലകൾ ഉൾപ്പെടുന്നതുമായ പദവിയാണ് സി.ഒ.എസ്.സി. ഡിസംബർ എട്ടിന് ജനറൽ ബിപിൻ റാവത് ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിനെ തുടർന്നുണ്ടായ അപ്രതീക്ഷിത സാഹചര്യത്തിലാണ് അദ്ദേഹം വഹിച്ചിരുന്ന സി.ഒ.എസ്.സി പദവിയിലേക്ക് രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക മേധാവി എന്ന നിലയിൽ നരവനെ എത്തുന്നത്. വരുന്ന ഏപ്രിലിൽ വിരമിക്കാനിരിക്കുന്ന നരവനെയെക്കാൾ രണ്ടു വർഷം ജൂനിയറാണ് നിലവിലെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയും നാവിക സേനാ മേധാവിയും മലയാളിയുമായ അഡ്മിറൽ ആർ. ഹരികുമാറും. 62കാരനായ നരവനെ സി.ഡി.എസ് ആയി നിയമിക്കപ്പെട്ടാൽ മൂന്നു വർഷം കൂടി സർവിസ് ലഭിക്കും.
സീനിയോറിറ്റി പരിഗണിച്ചാലും കരസേന മേധാവി എന്നത് കണക്കിലെടുത്താലും സി.ഡി.എസ് പദവിയിലേക്ക് നരവനെ തന്നെയാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ജനറൽ റാവത്തുമായി അടുത്ത് പ്രവർത്തിച്ചിരുന്ന നരവനെ, റാവത് വിരമിച്ചതിനെ തുടർന്നാണ് കരസേന മേധാവിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.