ന്യൂഡൽഹി: 'ദ കശ്മീർ ഫ‍യൽസ് ' പോലുള്ള ഒരു സിനിമ പ്രദർശനത്തിന് അനുവദിക്കാന്‍ പാടില്ലായിരുന്നെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ഉത്തരവാദികളായവർ നികുതി ഇളവുകൾ നൽകി ജനങ്ങളിൽ വർഗീയ രോഷം ജനിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ പ്രചാരണങ്ങളിലൂടെ ഒരു വിഷ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദ കശ്മീർ ഫ‍യൽസ് സിനിമക്കെതിരെ സംസാരിച്ചതിന് കെജ്രിവാളിന്‍റെ വസതിക്ക് നേരേ ആക്രമണമുണ്ടായതും അദ്ദേഹം പ്രസംഗത്തിൽ ഉദ്ദരിച്ചു. എന്‍.സി.പി ഡൽഹി ഘടകത്തിന്റെ ന്യൂനപക്ഷ വകുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

" കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്‌വരയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ അന്ന് മുസ്ലീങ്ങളും സമാനമായ രീതിയിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ സമയത്ത് കശ്മീരി പണ്ഡിറ്റുകൾക്കും മുസ്‌ലിംകൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് ഉത്തരവാദികൾ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനകളാണ്" -പവാർ പറഞ്ഞു

നരേന്ദ്ര മോദി സർക്കാരിന് കശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തിൽ താൽപ്പര്യമുണ്ടെങ്കിൽ അവരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തണമെന്നും അല്ലാതെ ന്യൂനപക്ഷങ്ങൾക്കെതിരെ രോഷം ജ്വലിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നും പവാർ പറഞ്ഞു. കശ്മീർ പണ്ഡിറ്റുകളുടെ പലായനം നടന്ന വർഷത്തിൽ വി.പി സിങാണ് പ്രധാനമന്ത്രിയായിയെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. വി.പി സിങ് സർക്കാരിനെ ബി.ജെ.പി പിന്തുണച്ചിരുന്നെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി ജഗ്‌മോഹനായിരുന്നു അന്ന് കശ്മിരിലെ ഗവർണറെന്നും അദ്ദേഹം പറഞ്ഞു. ജഗ്‌മോഹനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള അന്ന് രാജിവച്ചിരുന്നുവെന്നും കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്‌വരയിൽ നിന്ന് പുറത്തുപോകാൻ കാരണമായത് ഗവർണറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Such a film should not have been cleared for screening: Sharad Pawar on Kashmir Files

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.