മുംബൈ: ഔദ്യോഗിക യാത്രക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനയിൽ എപ്പോഴും കൃത്രിമക്കാൽ ഊരിമാറ്റേണ്ടിവരുന്നതിൽ പ്രതിഷേധവുമായി നടിയും നർത്തകിയുമായ സുധ ചന്ദ്രൻ. ഇൻസ്റ്റഗ്രാമിൽ പങ്കുെവച്ച വിഡിയോയിലൂടെയാണ് സുധ പ്രതിഷേധം അറിയിച്ചത്. ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നൽകണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഡിയോയിലൂടെ അഭ്യര്‍ഥിച്ചു. വർഷങ്ങൾക്കു മുമ്പ് കാറപകടത്തെ തുടർന്നാണ് സുധക്ക് കാൽ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രംഗത്തേക്കും ശക്തമായി തിരിച്ചെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്ക്കാറിെന്റയും ശ്രദ്ധക്ഷണിച്ചാണ് സുധ വിഡിയോ പങ്കുെവച്ചിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്പോൾ ഓരോ തവണയും കൃത്രിമക്കാൽ ഊരിമാറ്റി വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നുമാണ് സുധയുടെ ആവശ്യം. സെലിബ്രിറ്റികളടക്കം നിരവധി പേർ സുധയുടെ വിഡിയോ പങ്കുെവച്ചിട്ടുണ്ട്. സുധയെ പോലുള്ളവർക്ക് നീതി ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതിനിടെ, കൃത്രിമക്കാൽ ഊരിപ്പിച്ച സംഭവത്തിൽ സുധ ചന്ദ്രനോട് സി.ഐ.എസ്.എഫ് ( കേന്ദ്ര സായുധ സേന പൊലീസ്) ക്ഷമ ചോദിച്ചു. 'ശ്രീമതി സുധ ചന്ദ്രനുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ സുരക്ഷ പരിശോധനകൾക്കായി കൃത്രിമക്കാൽ നീക്കം ചെയ്യാവൂ. എന്തുകൊണ്ടാണ് ബന്ധപ്പെട്ട വനിത ഉദ്യോഗസ്ഥ സുധ ചന്ദ്രനോട് കൃത്രിമക്കാൽ ഊരാൻ ആവശ്യപ്പെട്ടതെന്നതും യാത്രക്കാർക്ക് ഒരു അസൗകര്യവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന കാര്യവും ഞങ്ങൾ പരിശോധിക്കും' -സി.ഐ.എസ്.എഫ് ട്വീറ്റ് ചെയ്തു. എെൻറ സന്ദേശം, സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കുമുന്നിൽ എത്തുമെന്നും അവർ ശരിയായ നടപടി കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നതായും നടി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സി.ഐ.എസ്.എഫ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.