സുഖ്ബീർ സിങ് ബാദലിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചയാളെ സമീപത്തുണ്ടായിരുന്നവർ തടയുന്നു. സുവർണ ക്ഷേത്ര കവാടത്തിൽ ഇരിക്കുന്ന ബാദലിനെയും കാണാം

സുഖ്ബീർ ബാദലിനെ വധിക്കാൻ ശ്രമിച്ചയാൾക്ക് എതിരെ ഡസനോളം കേസുകൾ; ആയുധക്കടത്തു കേസിൽ ഉൾപ്പെടെ പ്രതി

അമൃത്‌സർ: അമൃത്‌സറിലുള്ള സുവർണ ക്ഷേത്രത്തിനു മുന്നിൽ വെച്ച് അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനെ വധിക്കാൻ ശ്രമിച്ച നരൈൻ സിങ് ചൗരക്കെതിരെ പഞ്ചാബിൽ ഒരു ഡസനോളം ക്രിമിനൽ കേസുകളുള്ളതായി റിപ്പോർട്ട്. 1984ൽ പാകിസ്താനിലേക്ക് കടന്ന ഇയാൾ പഞ്ചാബിലേക്ക് വ്യാപകമായി ആയുധം കടത്തിയെന്ന് കേസുണ്ട്. 2004ലെ ബുറൈൽ ജയിൽചാട്ട കേസിലും അന്വേഷണം നേരിടുന്നുണ്ട്. സുഖ്ബീർ ബാദലിനു നേരെ ഇയാൾ ബുധനാഴ്ച രാവിലെ വെടിയുതിർത്തെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.

2004ൽ, മറ്റ് നാല് സഹതടവുകാർക്കൊപ്പമാണ് ചൗര ജയിൽ ചാടിയത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ് വധക്കേസിലെ പ്രതികൾ ഉൾപ്പെടെയാണ് 94 അടി നീളത്തിൽ തുരങ്കമുണ്ടാക്കി ജയിൽ ചാടിയത്. ഖലിസ്താനി ആക്ടിവിസ്റ്റും തീവ്രവാദ സംഘടനയായ ബബ്ബർ ഖൽസ ഇന്‍റർനാഷനലിലെ മുൻ അംഗവുമാണ് ഇയാൾ.    മതപരമായ ചടങ്ങിന്‍റെ ഭാഗമായി സുഖ്ബീർ ബാദൽ പ്രവേശന കവാടത്തിൽ കാവൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം.

ഗേറ്റിലൂടെ കടന്നുവന്ന അക്രമി അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. സുഖ്ബീർ ബാദലിനൊപ്പമുണ്ടായിരുന്നയാൾ അക്രമിയെ കാണുകയും കൈയിൽ പിടിക്കുകയും ചെയ്തതോടെ ബുള്ളറ്റ് ദിശമാറി മതിലിൽ പതിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വെടിയുതിർത്തയാളെ സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വധശ്രമത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

സുഖ്ബീര്‍ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാർഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ. ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിരുന്നു.2007- 2017 കാലത്തെ അകാലിദള്‍ സര്‍ക്കാറിന്‍റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. ശിക്ഷാ വിധികൾക്കു പിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. 

Tags:    
News Summary - Sukhbir Badal escapes assassination bid at Golden Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.