2024ൽ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളിൽ ഒരാളായി ബി.ബി.സി തെരെഞ്ഞെടുത്ത പൂജ ശർമയുടെ ജീവിതം ആരെയും ത്രസിപ്പിക്കുന്ന ഒരു കഥയാണ്. ഇതുവരെ 4000ത്തിലേറെ ആളുകളുടെ മരണാനന്തരകർമങ്ങൾക്കാണ് പൂജ നേതൃത്വം നൽകിയത്. ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, അരുണ റോയി, ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവരും ബി.ബി.സിയുടെ പട്ടികയിലുണ്ട്.
1996 ജൂലായ് ഏഴിന് ഡൽഹിയിലാണ് പൂജയുടെ ജനനം. ബ്രൈറ്റ് ദ സോൾ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയുടെ സ്ഥാപക കൂടിയാണ് പൂജ. മൂത്ത സഹോദരന്റെ മരണത്തിന് പിന്നാലെയാണ് ശേഷക്രിയ എന്ന സ്ത്രീകൾ മടിക്കുന്ന ജോലിയിലേക്ക് ഇറങ്ങിത്തിരിച്ചത്. നിസ്സാരമായ ഒരു തർക്കത്തിന്റെ പേരിലാണ് പൂജയുടെ സഹോദരൻ കൊല്ലപ്പെട്ടത്. അവരുടെ കൺമുന്നിലായിരുന്നു സഹോദരൻ കൊല്ലപ്പെട്ടത്.
അതിന്റെ ആഘാതം മാറുംമുമ്പോ അദ്ദേഹത്തിന്റെ ശേഷക്രിയയും സ്വന്തം കൈകൊണ്ട് പൂജക്ക് ചെയ്യേണ്ടി വന്നു. സഹോദരന്റെ മരണാനന്തര കർമങ്ങൾ ചെയ്യാൻ ആരും തയാറായില്ല. അങ്ങനെ ഗത്യന്തരമില്ലാതെ പൂജ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 2022 മാർച്ച് 12നായിരുന്നു സഹോദരന്റെ മരണം.
എന്നാൽ ചടങ്ങിനു ശേഷം സ്ത്രീ ശേഷ ക്രിയ നടത്തിയെന്ന് പറഞ്ഞ് ആളുകൾ പൂജക്കെതിരെ രംഗത്തുവന്നു. ആളുകളുടെ വിമർശനമൊന്നും പൂജ കണക്കിലെടുത്തില്ല. ആശ്രിതരില്ലാത്തതും ഏറ്റെടുക്കാൻ ആളില്ലാത്തതുമായ മൃതദേഹങ്ങളുടെ മരണാനന്തര കർമങ്ങൾ പൂജ സ്വയം ഏറ്റെടുത്തു നടത്തി. ഹിന്ദുമതത്തിൽ പുരുഷൻമാരാണ് മരണാനന്തര ചടങ്ങുകൾ നടത്താറുള്ളത്.
കടുത്ത എതിർപ്പുണ്ടായെങ്കിലും പൂജ അതൊന്നും ശ്രദ്ധിച്ചില്ല. ഇൻസ്റ്റഗ്രാമിൽ പൂജക്ക് മൂന്നരലക്ഷം ഫോളോവേഴ്സാണുള്ളത്. പ്രായമുള്ളവരുടെ ക്ഷേമത്തിനും ഉപേക്ഷിക്കപ്പെട്ട കുട്ടികളെ സംരക്ഷിക്കാനും അവരുടെ വിദ്യാഭ്യാസത്തിനുമായാണ് പൂജയുടെ എൻ.ജി.ഒ പ്രവർത്തിക്കുന്നത്. അതോടൊപ്പം ആളുകൾക്ക് വളരെ കുറഞ്ഞ ചെലവിൽ പല സഹായങ്ങളും ചെയ്തു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.