ന്യൂഡൽഹി: ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കുന്ന കാര്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. അടിയന്തരമായി പരിഗണിക്കാമെന്ന് ജനുവരി 23ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും പരിഗണിക്കാതെ വന്നപ്പോഴാണ് ഹിജാബ് കേസ് അഭിഭാഷകർ ബുധനാഴ്ച വീണ്ടും പരാമർശിച്ചത്.
മാർച്ച് ഒമ്പതിന് തുടങ്ങുന്ന പരീക്ഷ എഴുതാനായി വിദ്യാർഥിനികൾ ഇടക്കാല ഉത്തരവിനായി നൽകിയ അപേക്ഷയുടെ കാര്യം അഭിഭാഷകൻ വീണ്ടും പരാമർശിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അവർ പരീക്ഷ എഴുതുന്നത് തടയുന്നതെന്തുകൊണ്ടാണ് എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ ഹിജാബ് ധരിച്ചതുകൊണ്ടെന്ന് അഡ്വ. ശദാബ് ഫറസാത്ത് പറഞ്ഞു. താൻ കേസ് പരിഗണിക്കുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ രണ്ട് സുപ്രീംകോടതി ജഡ്ജിമാർ ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ ഹിജാബ് കേസിൽ അടിയന്തര ഇടക്കാല ഉത്തരവിറക്കി പരീക്ഷയെങ്കിലും എഴുതാൻ അനുവദിക്കണമെന്ന് മുസ്ലിം വിദ്യാർഥിനികൾക്കു വേണ്ടി ഹാജരായ അഭിഭാഷക മീനാക്ഷി അറോറ ജനുവരി 23ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.
ഹിജാബ് അനുവദിക്കുന്ന സ്ഥാപനങ്ങളിലേക്ക് മാറിയ പെൺകുട്ടികളെ കർണാടകയിലെ സർക്കാർ കോളജുകളിൽ നടക്കുന്ന പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
ഫെബ്രുവരി ആറിന് പ്രാക്ടിക്കൽ പരീക്ഷ തുടങ്ങുകയാണെന്നും അതുകൊണ്ടാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മീനാക്ഷി അറോറ ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.