ചെന്നൈ: മദ്രാസ് ഹൈകോടതി വനിത ചീഫ് ജസ്റ്റിസ് വിജയ കമലേഷ് തഹിൽരമണിയെ മേഘാലയ ഹൈകോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീംകോടതി കൊളീജിയം നടപടി വിവാദമാവുന്നു. പകരം മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ആഗസ്റ്റ് 28ന് രണ്ടു ചീഫ് ജസ്റ്റിസുമാരെ പരസ്പരം സ്ഥലംമാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.
തീരുമാനം പുനഃപരിശോധിക്കണമെന്ന ജസ്റ്റിസ് വി.കെ. തഹിൽരമണിയുടെ ആവശ്യവും കൊളീജിയം അംഗീകരിച്ചില്ല.
തികച്ചും അസാധാരണവും അകാരണവുമായ സ്ഥലംമാറ്റ നടപടിയാണിതെന്ന് ഹൈകോടതി അഭിഭാഷകർക്കിടയിൽ അഭിപ്രായമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ഹൈകോടതിയാണ് മദ്രാസിലേത്. മദ്രാസ് ഹൈകോടതിയിൽ 75 ജഡ്ജിമാരെ വരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ചീഫ് ജസ്റ്റിസ് അടക്കം മൂന്നു ജഡ്ജിമാർ മാത്രമുള്ള മേഘാലയയിലേക്കാണ് ജസ്റ്റിസ് തഹിൽരമണിയെ നിയമിച്ചത്. ഇത് തരംതാഴ്ത്തലിന് തുല്യമായ നടപടിയെന്നാണ് വിവക്ഷിക്കപ്പെടുന്നത്.
ബോംെബ ഹൈകോടതിയിൽ മൂന്നു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് തഹിൽരമണി 2018 ആഗസ്റ്റ് 12നാണ് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റെടുത്തത്. മുംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് ജസ്റ്റിസ് തഹിൽരമണി ബിൽകീസ് ബാനു കൂട്ടബലാത്സംഗക്കേസിലെയും ഗുജറാത്ത് കലാപത്തിനിടെ ബിൽകീസ് ബാനുവിെൻറ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെയും 11 കുറ്റവാളികളുടെ ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ച് വിധിപ്രസ്താവം നടത്തിയത്.
മാത്രമല്ല, കേസിലെ അഞ്ചു പൊലീസ് ഒാഫിസർമാരും രണ്ടു ഡോക്ടർമാരും ഉൾപ്പെട്ട പ്രതികളെ വെറുതെവിട്ട കീഴ്കോടതി നടപടി റദ്ദാക്കി ശിക്ഷ വിധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.