ന്യൂഡൽഹി: ഇസ്ലാമിക ശരീഅത്തിലെ ‘തലാഖി’(വിവാഹ മോചനം)നെതിരെ ആരോപിക്കുന്ന ഭരണഘടന പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾ സമർപ്പിച്ച ഹരജികളിൽ ഉന്നയിച്ച ഭരണഘടന വിഷയങ്ങൾ സംബന്ധിച്ച കുറിപ്പ് തയാറാക്കി സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.
മുത്തലാഖ് സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാർ അതൊരു ക്രിമിനൽ കുറ്റകൃത്യമായി മാറ്റുകയും ചെയ്ത ശേഷം ‘തലാഖ്’ എന്ന ഇസ്ലാമിലെ വിവാഹമോചന രീതിതന്നെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായയുടെ പൊതുതാൽപര്യ ഹരജിക്കൊപ്പമാണ് ഏതാനും മുസ്ലിം വനിതകളുടെ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്.
സർക്കാറിന്റെ നയപരമായ വിഷയത്തിൽ ഇടപെടില്ലെന്ന് പറഞ്ഞ് അശ്വിനി കുമാർ ഉപാധ്യായയുടെ ഹരജി തീർപ്പാക്കിയ സുപ്രീംകോടതി വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾ സമർപ്പിച്ച ഹരജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി. അവയാണ് വ്യാഴാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ബേനസീർ ഹീന എന്ന വിവാഹമോചിത തന്റെ ഭർത്താവിനെതിരെ സമർപ്പിച്ച ഹരജിക്കൊപ്പം മുംബൈയിലെ നസ്റീൻ നിഷ ഖാദിർ ശൈഖ്, പുണെയിലെ ബേനസീർ നിഷാർ പട്ടേൽ, കർണാടകയിലെ സയ്യിദ അംബ്രീൻ, യു.പി മുസഫർ നഗറിലെ അസ്മ എന്നിവർ സമർപ്പിച്ച ഹരജികളും സുപ്രീംകോടതി പരിഗണനക്കെടുത്തു. ഈ ഹരജികളിലെ വിവാഹതർക്കങ്ങളിലേക്കല്ല, ഭരണഘടനാപരമായ പ്രശ്നങ്ങളിലേക്കാണ് കോടതിയുടെ ശ്രദ്ധ ക്ഷണിക്കുന്നതെന്ന് തലാഖ് നിരോധനത്തിനുള്ള വാദമുന്നയിച്ച മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ബോധിപ്പിച്ചു. ബേനസീറിന്റെ കേസിൽ ഒത്തുതീർപ്പ് സാധ്യത ആരാഞ്ഞ് ഭർത്താവിനെ കക്ഷിചേർത്ത് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതിനാൽ ആ വിവാഹ തർക്കം വേറെ പരിഗണിക്കണമെന്നും ദിവാൻ ആവശ്യപ്പെട്ടു.
ഈ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹരജികളിലെ ഭരണഘടനാ വിഷയങ്ങൾ ക്രോഡീകരിച്ച് കുറിപ്പ് സമർപ്പിക്കാൻ കനു അഗർവാളിനെ ചുമതലപ്പെടുത്തി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കുറിപ്പ് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.