ഗ്യാൻവാപി കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജിമാർ ബാബരി കേസിൽ നേരിട്ട് ബന്ധമുള്ളവർ

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജിമാർ ബാബരി മസ്ജിദ് കേസുമായി നേരിട്ട് ബന്ധമുള്ളവർ. ഗ്യാൻവാപി പള്ളിയിലെ സർവേയും ചിത്രീകരണവും തടയണമെന്ന് ആവശ്യപ്പെടുന്ന പ്രത്യേകാനുവാദ ഹരജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, പി.എസ്. നരസിംഹ എന്നിവരാണ്.

ബാബരി കേസിൽ അന്തിമവിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്നയാളാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. അതേസമയം, ജസ്റ്റിസ് നരസിംഹ മറ്റൊരു വേഷത്തിലായിരുന്നു ബാബരി കേസിന്റെ ഭാഗമായത്. കേസില്‍ ഹിന്ദു ഹരജിക്കാർക്കു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനായിരുന്നു. ബാബരി കേസിനുശേഷം സുപ്രീംകോടതി പരിഗണിക്കുന്ന ആദ്യത്തെ പള്ളി-ക്ഷേത്ര തർക്ക കേസ് കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്.

ബാബരി മസ്ജിദ് നിലനിന്ന ഭൂമി ക്ഷേത്രത്തിന് വിട്ടുകൊടുക്കാനും പള്ളി പണിയാൻ പുറത്ത് സ്ഥലം കണ്ടെത്തി നൽകാനും 2019ലാണ് സുപ്രീംകോടതി വിധിച്ചത്. ഈ തീർപ്പു കൽപിച്ച അഞ്ചംഗ ബെഞ്ചിലെ ജഡ്ജിയായിരുന്നു ചന്ദ്രചൂഡ്. രാമജന്മഭൂമിയിൽ ​തടസ്സം കൂടാത്ത ആരാധനക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഗോപാൽ സിങ് വിശാരദിന്റെ പിൻഗാമിയായ രാജേന്ദ്രസിങ്ങിനു വേണ്ടിയാണ് കോടതിയിൽ ഹാജരായത്.

അദ്ദേഹം 2021 ആഗസ്റ്റ് 31നാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരസിംഹയും ഭാവിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരാകേണ്ടതാണ്. ചന്ദ്രചൂഡ് ഈ വർഷാവസാനം ചീഫ് ജസ്റ്റിസാവും. 2027ൽ ജസ്റ്റിസ് നരസിംഹ ആ പദവിയിലെത്തും.  

Tags:    
News Summary - Supreme Court Judges In Gyanvapi Mosque Case Have A Babri Connection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.