ന്യൂഡൽഹി: രാജ്യത്തെ സംവരണ സംവിധാനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽ.എൽ.എം വിദ്യാർഥി നൽകിയ പൊതുതാൽപര്യ ഹരജിയിൽ രൂക്ഷ പ്രതികരണവുമായി സുപ്രീംകോടതി. നടപടിക്രമങ്ങളുടെ ദുരുപയോഗമാണ് ഈ ഹരജിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി. നരസിംഹ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് ഹരജി എത്തിയത്. ഹരജി പരിഗണിക്കാൻ കോടതി തയാറായില്ല. 'എന്താണിത്? സംവരണം ഒഴിവാക്കണമെന്നോ? ഇതാണോ ഹരജി? സംവരണം സമത്വത്തിന് എതിരും ജാതിസംവിധാനത്തിലേക്ക് നയിക്കുന്നതാണെന്നും നിങ്ങൾ പറയുന്നത് കൊണ്ടാണോ ഈ ഹരജി? ഈ ഹരജി പിൻവലിച്ചില്ലെങ്കിൽ നിങ്ങൾ അതിന് വിലനൽകേണ്ടിവരും' -ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.
നിയമവിദ്യാർഥി ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ് ഇത്തരമൊരു ഹരജിയുമായി വന്നതെന്ന് കോടതി നിരീക്ഷിച്ചു. ഹരജിക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം ഹരജികൾക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് കോടതി ഊന്നിപ്പറഞ്ഞു.
ഇതോടെ ഹരജി പിൻവലിക്കാമെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.