ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട ഡൽഹി ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കോവിഡ് തരംഗം ആഞ്ഞടിക്കുേമ്പാൾ കോടികൾ മുടക്കിയുള്ള സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഹരജിക്കാരുടെ ആവശ്യം ഡൽഹി ഹൈകോടതി തള്ളുകയും ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. തുടർന്ന് ഹരജിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ചരിത്രകാരൻ സൊഹൽ ഹാഷ്മി, വിവർത്തക അന്യ മൽഹോത്ര എന്നിവരാണ് ഡൽഹി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നത്.
ഒരു പദ്ധതിയെ മാത്രം ലക്ഷ്യംവെച്ചാണ് ഹരജിയെന്ന ഹൈകോടതിയുടെ നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു. പരാതിക്കാർ പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെ സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ മാത്രം ഹരജി നൽകുകയായിരുന്നു. സമാനമായ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മറ്റു പദ്ധതികളെക്കുറിച്ച് ഹരജിക്കാർ ഗവേഷണം നടത്തിയിട്ടില്ലെന്നുമുള്ള ഹൈകോടതിയുടെ നിരീക്ഷണം ശരിയാണെന്നും സുപ്രീംകോടതി പറഞ്ഞു.
ജസ്റ്റിസ് എ.എം. ഖാൻവിൽക്കറിെൻറ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. യഥാർഥ പൊതു താൽപര്യ ഹരജികൾ പരിഗണിക്കാം. എന്നാൽ സംശയാസ്പദമായ രീതിയിൽ ഉന്നയിക്കുന്നവ പ്രശ്നങ്ങൾ സൃഷ്ടിക്കും. പൊതു താൽപര്യഹരജികൾക്ക് അതിേൻറതായ പവിത്രതയുണ്ടെന്നും കോടതി ഒാർമിപ്പിച്ചു.
അതേസമയം, നിർമാണ സ്ഥലത്ത് താമസിക്കുന്ന തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഹൈകോടതിക്ക് നിർദേശം നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാറിെൻറ സ്വപ്ന പദ്ധതിയാണ് സെൻട്രൽ വിസ്ത. 20,000 കോടി രൂപ ചെലവഴിച്ചാണ് സെൻട്രൽ വിസ്റ്റ പദ്ധതി നടപ്പാക്കുന്നത്. പുതിയ പാർലമെൻറ്, ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതി, സെക്രട്ടറിയേറ്റ് എന്നിവയാണ് ഇതിൽ ഉൾപ്പെടുക. കോവിഡ് മഹാമാരിക്കിടയിലും സർക്കാറിെൻറ ഇൗ ധൂർത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.