സിസോദിയക്ക് തിരിച്ചടി; ഇടപെടില്ലെന്ന് സുപ്രീംകോടതി, ഹൈകോടതി സമീപിക്കാൻ നിർദേശം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാറിന്റെ മദ്യനയത്തിനെതിരായ കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ഹൈകോടതിയിൽ പോകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്. ജനാധിപത്യവിരുദ്ധമായ കളിയാണിതെന്നും ഭരണഘടനയുടെ അടിത്തറയെ ബാധിക്കുന്നതാണെന്നും സിസോദിയക്കുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി ബോധിപ്പിച്ചുവെങ്കിലും സുപ്രീംകോടതിയിലേക്ക് നേരിട്ട് വരുന്നതിനുപകരം നിയമത്തിന്റെ മറ്റു വഴികളാരായാൻ ബെഞ്ച് നിർദേശിച്ചു.

18 വകുപ്പുകൾ നോക്കുന്ന മന്ത്രിയാണ് സിസോദിയയെന്നും അദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തിലില്ലെന്നും സിങ്‍വി വാദിച്ചു. അദ്ദേഹത്തിന്റെ പക്കൽനിന്ന് പണവും കിട്ടിയിട്ടില്ല. ചോദ്യങ്ങൾക്ക് പൂർണമായും ഉത്തരം നൽകിയില്ല എന്നു പറഞ്ഞാണ് അറസ്റ്റ്. അറസ്റ്റിനുള്ള അധികാരം സമ്മർദത്തിലാക്കാനുള്ള അറസ്റ്റിന് ന്യായമല്ലെന്നും സിങ്‍വി തുടർന്നു. എന്നാൽ, സിസോദിയയെ റിമാൻഡ് ചെയ്യേണ്ടതുണ്ട് എന്നായിരുന്നു സി.ബി.ഐക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം.

എഫ്.ഐ.ആർ റദ്ദാക്കാൻ സിസോദിയ എന്തുകൊണ്ടാണ് ഹൈകോടതിയിൽ പോകാത്തതെന്ന് ചീഫ് ജസ്റ്റിസ് സിങ്‍വിയോട് ചോദിച്ചു. സിങ്‍വി വിനോദ് ദുവ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം മാധ്യമപ്രവർത്തകനായിരുന്നുവെന്നും സിസോദിയക്കെതിരെയുള്ളത് അഴിമതി നിരോധന നിയമപ്രകാരമുളള കേസാണെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഹരജി തള്ളുകയാണെന്ന് കണ്ടതോടെ ജാമ്യപേക്ഷ താമസംവിനാ പരിഗണിക്കണമെന്ന് ഒരു വരിയെങ്കിലും ഉത്തരവിറക്കിക്കൂടെയെന്ന് സിങ്‍വി ചോദിച്ചു. ഈ ഘട്ടത്തിൽ സുപ്രീംകോടതി ഇടപെടുകയില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

Tags:    
News Summary - Supreme Court says not interfere in Manish Sisodia arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.