സഞ്ജീവ് ഭട്ടിന്‍റെ അപ്പീലിൽ ഗുജറാത്ത് സർക്കാറിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: 1990ലെ കസ്റ്റഡി മരണക്കേസിലെ തന്‍റെ ശിക്ഷക്കെതിരെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് നൽകിയ അപ്പീലിൽ ഗുജറാത്ത് സർക്കാറിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട മറ്റ് അപ്പീലുകൾക്കൊപ്പം അപ്പീൽ ലിസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ദേവദത്ത് കാമത്തുമാണ് സഞ്ജീവ് ഭട്ടിനെ പ്രതിനിധീകരിച്ചത്. ഗുജറാത്ത് സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ഹാജരായി.

കസ്റ്റഡി മരണക്കേസിൽ ജാംനഗർ സെഷൻസ് കോടതിയുടെ വിധിക്കെതിരെ സഞ്ജീവ് ഭട്ട് നൽകിയ അപ്പീൽ ഗുജറാത്ത് ഹൈകോടതി ജനുവരിയിൽ തള്ളിയിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ഹൈകോടതിയിൽ ഹാജരാക്കാൻ അദ്ദേഹത്തിന് അനുമതി നൽകാൻ കഴിഞ്ഞ വർഷം മേയിൽ സുപ്രീംകോടതിയും വിസമ്മതിച്ചു.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി സർക്കാറിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ പ്രതികാര നടപടിക്കിരയായി, അഞ്ചുവർഷമായി ജയിലിൽ കഴിയുകയാണ് സഞ്ജീവ് ഭട്ട്. 1990-ൽ ഭട്ട് ജാംനഗർ ജില്ലയിൽ അഡീഷനൽ പൊലീസ് സൂപ്രണ്ടായിരിക്കെ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ കേസ്.

2018 മുതൽ ജയിലിൽ കഴിയുന്ന ഭട്ടിന് ജാമ്യം അനുവദിച്ചിട്ടില്ല. നരേന്ദ്ര മോദി സർക്കാർ 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഒത്താശ ചെയ്തു എന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. എന്നാൽ, ഭട്ട് ഉൾപ്പെടെയുള്ളവരുടെ വാദങ്ങൾ സുപ്രീംകോടതി തള്ളുകയും മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഢാലോചന ആരോപിച്ച് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Supreme Court sent notice to Gujarat government on Sanjeev Bhatt's appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.