ഡൽഹി മദ്യനയ കേസ്: കവിതക്ക് ജാമ്യം; കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചില പ്രതികളെ കേസിലെ മാപ്പുസാക്ഷികളാക്കി മാറ്റിയതിന്റെ സാംഗത്യം ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ചോദ്യം ചെയ്തു. കവിതയുടെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതിയെയും സുപ്രീംകോടതി വിമർശിച്ചു.

പ്രോസിക്യൂഷൻ നീതിപൂർവകമായിരിക്കണമെന്ന് ഏജൻസികളെ ഓർമിപ്പിച്ച സുപ്രീംകോടതി സ്വയം കുറ്റം സമ്മതിച്ച ഒരാളെ സാക്ഷിയാക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചു. തോന്നുന്ന ആരെയും നാളെ നിങ്ങൾക്ക് പൊക്കാനാകുമോ എന്ന് സുപ്രീംകോടതി സി.ബി.ഐയോടും ഇ.ഡിയോടും ആരാഞ്ഞു.

ചിലരെ തെരഞ്ഞെടുത്ത് പ്രതിയാക്കാൻ പറ്റില്ല. അതിലെവിടെയാണ് നീതി? കവിതയുടെ ജാമ്യാപേക്ഷയെ ഇനിയുമെതിർത്താൽ കോടതിക്ക് കടുത്ത ചില നിരീക്ഷണങ്ങൾ നടത്തേണ്ടിവരുമെന്ന് കേന്ദ്ര ഏജൻസികൾക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന് ജസ്റ്റിസ് ബി.ആർ. ഗവായ് മുന്നറിയിപ്പ് നൽകി. വാദം കേൾക്കൽ മാറ്റിവെക്കണമെന്ന എ.എസ്.ജിയുടെ അഭ്യർഥന തള്ളിക്കളഞ്ഞ് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

സി.ബി.ഐയും ഇ.ഡിയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ചുമാസം ജയിലിലിട്ട കവിതയെ ഇനിയും ജയിലിലിടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. അനധികൃത പണമിടപാട് നിരോധന നിയമത്തിലെ 45(1) വകുപ്പ് പ്രകാരം കവിതക്ക് ജാമ്യം നൽകേണ്ടിയിരുന്ന ഡൽഹി ഹൈകോടതി അത് ചെയ്യാതിരുന്നതിന് സുപ്രീംകോടതി വിമർശിച്ചു.ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവന്നപ്പോൾ ആം ആദ്മി പാർട്ടിക്ക് 100 കോടി നല്‍കിയ സൗത്ത് ഗ്രൂപ് കമ്പനിയുമായി കവിതക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ കൂടി പ്രതിയായ കേസിൽ കവിതയെ അറസ്റ്റ് ചെയ്തത്.

അതേസമയം ഇതേ കേസിൽ ഡൽഹി സ്പെഷൽ കോടതി കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ മൂന്ന് വരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി റിമാൻഡ് നീട്ടിയത്. കവിത ചൊവ്വാഴ്ച രാത്രി ജയിൽ മോചിതയായി.

Tags:    
News Summary - Delhi liquor case: BRS leader Kavitha granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.