ന്യൂഡൽഹി: പ്രതിഷേധിക്കുന്ന കർഷകരെ കൊലപാതകികളും ബലാത്സംഗക്കാരുമാക്കി ചിത്രീകരിച്ച ബി.ജെ.പി എം.പി കങ്കണ റണാവത്തിനെതിരെ കോൺഗ്രസ്. കങ്കണയുടെ നിലപാടിൽ ബി.ജെ.പി മറുപടി പറയണമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാറ്റെ ആവശ്യപ്പെട്ടു. രാജ്യത്ത് കർഷകരെ മുൻനിർത്തി കലാപമുണ്ടാക്കാൻ അമേരിക്കയും ചൈനയും ശ്രമിച്ചിരുന്നുവെന്ന കങ്കണയുടെ പരാമർശത്തിൽ സർക്കാർ മറുപടി പറയണമെന്നും അവർ പറഞ്ഞു.
എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ കർഷകരാണ് അപമാനിതരായിരിക്കുന്നത്. കർഷക പ്രക്ഷോഭത്തിൽ വൈദേശിക ശക്തികളുടെ പിന്തുണ ആരോപിച്ച സാഹചര്യത്തിൽ വിദേശകാര്യ, ആഭ്യന്തര വകുപ്പ് മന്ത്രിമാർ വിഷയത്തിൽ മറുപടി നൽകണമെന്നും അവർ പറഞ്ഞു
കേന്ദ്രം കൃത്യമായി ഇടപെട്ടിരുന്നിരുന്നില്ലെങ്കിൽ ബംഗ്ലാദേശിന് സമാനമായ സാഹചര്യത്തിന് സമരം കാരണമായേനെയെന്നായിരുന്നു കങ്കണയുടെ പരാമർശം. കർഷക മാർച്ചിനിടെ ബലാത്സംഗവും കൊലപാതകങ്ങളും നടന്നു, ശരീരങ്ങൾ തൂങ്ങിക്കിടക്കുന്നത് കാണാമായിരുന്നു. വിവാദ കർഷക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചിട്ടും സമരം തുടരുന്നതിന് പിന്നിൽ നിക്ഷിപ്ത താൽപര്യവും വൈദേശിക ശക്തികളുമാണെന്നും ‘എക്സി’ൽ പങ്കുവെച്ച വിഡിയോയിൽ കങ്കണ ആരോപിച്ചിരുന്നു.
പ്രസ്താവന വിവാദമായതോടെ എം.പിയെ തള്ളിപ്പറഞ്ഞ് ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തുവന്നു. കങ്കണയുടെ പ്രസ്താവനകൾ പാർട്ടിയുടെ കാഴ്ചപ്പാടുകളല്ല. പാർട്ടിയുടെ നയത്തെക്കുറിച്ച് പ്രസ്താവനകൾ നടത്താൻ റണാവതിന് അനുമതിയോ അധികാരമോ ഇല്ലെന്നും ബി.ജെ.പി ദേശീയ നേതൃത്വം തിങ്കളാഴ്ച പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞു. നേരത്തേയും കർഷക സമരത്തിനെതിരെ ഗുരുതര പ്രസ്‍താവനകൾ കങ്കണ നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പാർട്ടി കങ്കണയെ തിരുത്തി നിലപാടെടുക്കുന്നത്. കർഷക സമരം ശക്തിയാർജിച്ച ഹരിയാന തെരഞ്ഞെടുപ്പടുത്തിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം.
വൈകാരിക വിഷയങ്ങളിൽ പ്രസ്‍താവന നടത്തുന്നതിൽനിന്ന് കങ്കണയെ നിയന്ത്രിക്കണമെന്ന് പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാവായ ഹർജിത് ഗരേവാൾ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, ഹരിയാനയിൽ പ്രചാരണ പരിപാടികൾക്കെത്തിയ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല കങ്കണ ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നുവെന്ന് ആരോപിച്ചു.
2020ൽ കർഷക സമരത്തിൽ പങ്കെടുത്ത പഞ്ചാബ് സ്വദേശിനിയായ വയോധികയെ ‘ബിൽക്കിസ് ബാനു’ എന്ന് വിശേഷിപ്പിച്ച കങ്കണ 100 രൂപക്ക് സമരത്തിന് വരുന്നവർ എന്ന് വിശേഷിപ്പിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കർഷക വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് 2024 ജൂണിൽ ചണ്ഡിഗഢ് വിമാനത്താവളത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) വനിത കോൺസ്റ്റബിൾ കങ്കണ റണാവതിനെ മർദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.