ന്യൂഡൽഹി: ജമ്മു-കശ്മീരിൽ 1990 മുതൽ ആഗസ്റ്റ് അഞ്ചു വരെ നടന്ന ആയിരക്കണക്കിന് മരണ ങ്ങളുടെയും ഭീകരപ്രവർത്തനങ്ങളുടെയും അക്രമങ്ങളുടെയും സർക്കാർ സമർപ്പിച്ച സ്ഥ ിതിവിവരക്കണക്കുതന്നെ ജമ്മു-കശ്മീർ അടച്ചുപൂട്ടി നിയന്ത്രണത്തിലാക്കാനുള്ള മതി യായ കാരണമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജമ്മു-കശ്മീരിനെ സാധാരണ നിലയ ിലേക്ക് കൊണ്ടുവരേണ്ടത് ദേശസുരക്ഷാ താൽപര്യം മനസ്സിൽവെച്ചായിരിക്കണമെന്നും സു പ്രീംകോടതി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ കശ്മീർ കേസുകൾ എത്തിയപ്പോൾ ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളെ പിന്തുണക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു-കശ്മീരിലെ ജനങ്ങൾക്കുള്ള പ്രത്യേക അവകാശം എടുത്തുകളഞ്ഞശേഷം ഒരാൾക്കുപോലും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന പതിവ് വാദം ആവർത്തിച്ച് കേന്ദ്ര സർക്കാർ സമർപ്പിച്ച റിപ്പോർട്ടിനെ ജസ്റ്റിസ് ബോബ്ഡെ പിന്തുണക്കുകയും ചെയ്തു.
1990 മുതൽ കശ്മീരിൽ 41,866 പേർ കൊല്ലപ്പെടുകയും 71,038 ഭീകരാക്രമണങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ടെന്ന് എ.ജി ബോധിപ്പിച്ചപ്പോൾ ‘‘ഭയാനകമായ സ്ഥിതിവിശേഷമാണിതെന്നും ഇതെല്ലാം മതിയായ കാരണമാണെന്നും സുരക്ഷാവിഷയങ്ങളാണെന്നും’’ ജസ്റ്റിസ് ബോബ്ഡെ പിന്താങ്ങി. ആഗസ്റ്റ് അഞ്ചിനുശേഷം ഒരു വെടി പോലും ഉതിർത്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുബന്ധമായി കൂട്ടിച്ചേർത്തപ്പോൾ മേഖലയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കൈക്കൊണ്ടിട്ടുള്ള നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനോട് സുപ്രീംകോടതി നിർദേശിച്ചു.
ഇൻറർനെറ്റ്, മൊബൈൽ കണക്ടിവിറ്റി തുടങ്ങിയവ ഇല്ലാതാക്കിയെന്നതൊക്കെ നാട്ടുകാരുടെ പരാതികളാണെന്നും അതുമായി ജമ്മു-കശ്മീർ ഹൈകോടതിയെ സമീപിച്ചാൽ മതിയെന്നും കശ്മീർ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിനോട് സുപ്രീംകോടതി നിർദേശിച്ചു. 43 ദിവസം കഴിഞ്ഞിട്ടും വാഹന സർവിസുകളില്ലെന്നും ഏതാനും ലാൻഡ് ലൈനുകളല്ലാതെ വാർത്താവിനിമയത്തിന് വേറെ സംവിധാനമില്ലെന്നും മാധ്യമസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണെന്നും അനുരാധക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചെങ്കിലും സുപ്രീംകോടതി ഗൗരവത്തിലെടുത്തില്ല.
ഇതിന് പ്രതികരണമായി ജനങ്ങൾക്ക് ഒരു സൗകര്യവും നിഷേധിക്കപ്പെടുന്നില്ല എന്ന് മലയാളിയായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ അവകാശപ്പെട്ടു. 10.05 ലക്ഷം രോഗികളെ ഒൗട്ട്പേഷ്യൻറായും 67,196 രോഗികളെ അഡ്മിറ്റ് ചെയ്തും ചികിത്സിച്ചു. 10,699 വലിയ ശസ്ത്രക്രിയകളും 53,297 ചെറിയ ശസ്ത്രക്രിയകളും നടന്നു. 90 ശതമാനം മെഡിക്കൽ ഷോപ്പുകളും തുറന്നിരിക്കുന്നുവെന്നും വേണുഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.