ന്യൂഡൽഹി: പെഗാസസ് ചാരസോഫ്റ്റ്വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയ സംഭവം സുപ്രീംകോടതി നിയോഗിക്കുന്ന വിദഗ്ധ സമിതി അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് അടുത്തയാഴ്ചയുണ്ടാകും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തിയാവും സമിതി രൂപീകരിക്കുക. സമിതിയിലെ അംഗങ്ങളെ തീരുമാനിച്ചതിന് ശേഷം ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പെഗസസ് വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ചോർത്തൽ നടന്നോ ഇല്ലയോ എന്ന് അന്വേഷിക്കാൻ സർക്കാറുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.'ഒരു പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചോ ഇല്ലയോ എന്ന് സത്യവാങ്മൂലത്തിലൂടെ പൊതു സംഭാഷണ വിഷയമാക്കാൻ സാധിക്കില്ല. ഏത് സോഫ്റ്റ്വെയറാണ് ഉപയോഗിച്ചതെന്ന് ചില പ്രത്യേക സംഘങ്ങളോ ഭീകര സംഘടനകളോ അറിയാൻ പാടില്ല' -സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ പറഞ്ഞു.
'ഞങ്ങൾ വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കും. തങ്ങളുടെ നമ്പർ ചോർത്തിയെന്ന് ആരോപിക്കുന്നവരുടെ പരാതി അന്വേഷിക്കാം. കമ്മിറ്റി റിപ്പോർട്ട് കോടതിയുടെ മുമ്പിൽവെക്കാം' -സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ, കേന്ദ്രസർക്കാർ നിയോഗിച്ച സമിതി പെഗാസസ് വിഷയത്തിൽ അന്വേഷണം നടത്തുന്നതിനോടുള്ള വിയോജിപ്പ് ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.