ന്യൂഡൽഹി: അര്‍ധരാത്രി പൊളിച്ച വീട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും വയോധികരും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ലെന്ന് സുപ്രീം കോടതി. നടപടിക്രമം പാലിക്കാതെയുള്ള വീട് ഇടിച്ചുനിരത്തൽ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബുൾഡോസർരാജിന് തടയിട്ടുള്ള വിധിയിലാണ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരുടെ പരാമർശം. കുറ്റവാളിയോ കുറ്റാരോപിതനോ ആകട്ടെ, ആരുടെയും വീടുകളോ നിർമിതികളോ തകർക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് പരമോന്നതകോടതി ചൂണ്ടിക്കാട്ടി.
ആരാണ് തെറ്റുകാരനെന്ന് സര്‍ക്കാറല്ല തീരുമാനിക്കേണ്ടത്. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. സാവകാശം നൽകിയാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും കോടതി വ്യക്തമാക്കി.
വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണ്. ബുൾഡോസർ ഉപയോഗിച്ച് അത് ഇല്ലാതാക്കുന്നത് മരവിപ്പിക്കുന്ന കാഴ്ചയാണ്. ഇത്തരം കടന്ന കൈകൾ കർശനമായി നിയന്ത്രിക്കപ്പെടണം. കൈയേറ്റമൊഴിപ്പിക്കൽ അനിവാര്യമെങ്കിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി നോട്ടീസ് നൽകണം. മറ്റു അനധികൃത നിർമാണങ്ങൾ തൊട്ടടുത്തുണ്ടെങ്കിലും തിരഞ്ഞുപിടിച്ചു വീടുകൾ പൊളിക്കുന്ന രീതി സർക്കാറുകൾക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കോടതി ചെയ്യേണ്ട കാര്യങ്ങൾ സർക്കാറും ബന്ധപ്പെട്ട അതോറിറ്റികളും ഏറ്റെടുക്കാൻ അനുവദിക്കില്ല. ഭരണ നിർവാഹകർ ജഡ്ജിമാരാകേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങൾ പാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സുപ്രീംകോടതി പുറപ്പെടുവിച്ചു.
ബി.ജെ.പി സംസ്ഥാനങ്ങളിലെ ബുൾഡോസർരാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയതുൽ ഉലമായേ ഹിന്ദ് ഉൾപ്പെടെ നൽകിയ ഹരജികളിലാണ് രണ്ടംഗ ബെഞ്ചിന്റെ സുപ്രധാന വിധി. ആർട്ടിക്കിൾ 142 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി വിധി പ്രസ്താവിക്കുകയും സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിക്കുകയും ചെയ്തത്.
മാർഗനിർദേശങ്ങൾ ലംഘിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ കോടതിയലക്ഷ്യത്തിന് ബാധ്യസ്ഥരായിരിക്കും. നഷ്ടപരിഹാരം നൽകുന്നതിനുപുറമെ പൊളിച്ച വസ്തു സ്വന്തം ചെലവിൽ ഉദ്യോഗസ്ഥർ പുനർനിർമിച്ചു നൽകണമെന്നും വിധിയിൽ വ്യക്തമാക്കി.
സെപ്റ്റംബർ 17ന് അനധികൃത പൊളിക്കലുകൾക്ക് തടയിട്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സർക്കാറുകൾ ബുൾഡോസർരാജ് നടപ്പാക്കുന്നത് നിയമങ്ങൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന് തുല്യമാണെന്ന് അന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.
കോടതി മാർഗനിർദേശങ്ങൾ:
1 പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചാൽ കെട്ടിട ഉടമക്ക് അപ്പീൽ നൽകാനുള്ള സമയം അനുവദിക്കണം.
2 കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച നോട്ടീസ് രജിസ്ട്രേഡ് തപാൽ വഴി ഉടമക്ക് അയക്കണം. നോട്ടീസ്, പൊളിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിനുപുറത്ത് പതിക്കണം. നോട്ടീസ് നൽകി 15 ദിവസം കഴിഞ്ഞേ തുടർനടപടികൾ സ്വീകരിക്കാവൂ.
3 നിയമലംഘനങ്ങളുടെ സ്വഭാവം, ബന്ധപ്പെട്ട ഏത് ഉദ്യോഗസ്ഥനുമുന്നിൽ എന്ന് ഹാജരാക്കണമെന്നുള്ള വിശദാംശങ്ങൾ വ്യക്തമാക്കണം. മറുപടി നൽകുമ്പോൾ ഹാജരാക്കേണ്ട രേഖകളുടെ പട്ടികയും നോട്ടീസിൽ ഉൾപ്പെടുത്തണം.
4 ഉദ്യോഗസ്ഥർ തീയതി മാറ്റി രേഖപ്പെടുത്തുന്നത് തടയാൻ നോട്ടീസ് നൽകിയ ഉടൻ ജില്ല കലക്ടർക്ക് ഇ-മെയിൽ വഴി സന്ദേശം നൽകണം. കലക്ടർമാർ നോഡൽ ഓഫിസർമാരെ നിയമിക്കുകയും ഇതിനായി ഇ-മെയിൽ വിലാസം നൽകുകയും വേണം.
5 മൂന്നുമാസത്തിനുള്ളിൽ ഡിജിറ്റൽ പോർട്ടൽ സജ്ജമാക്കണം. നോട്ടീസുകളുടെ വിശദാംശങ്ങൾ, മറുപടികൾ, ഉത്തരവുകളുടെ വിശദാംശങ്ങൾ എന്നിവ പോർട്ടലിൽ ലഭ്യമാക്കണം.
6 ബാധിക്കപ്പെടുന്ന വ്യക്തികൾക്ക് നേരിട്ട് ഹാജരായി തങ്ങളുടെ ഭാഗം വിശദമാക്കാനുള്ള അവസരം നൽകുകയും അവ മിനുട്സിൽ രേഖപ്പെടുത്തുകയും ചെയ്യണം.
7 നിർമാണം നിയമ വിധേയമാക്കാനുള്ള സാധ്യതകൾ അവശേഷിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരിക്കണം അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. ഭാഗികമായി മാത്രമാണ് കൈയേറ്റം കണ്ടെത്തുന്നതെങ്കിൽ പൂർണമായി പൊളിച്ചുമാറ്റുന്നത് ഒഴിവാക്കാനുള്ള സാധ്യതകൾ പരിശോധിക്കണം.
8 ഉടമക്ക് കെട്ടിടം സ്വയം പൊളിക്കാൻ 15 ദിവസം അനുവദിക്കണം. ഈ കാലയളവിൽ ഉടമ പൊളിക്കാതിരിക്കുകയും അപ്പീൽ അതോറിറ്റി പൊളിക്കൽ തടയാതിരിക്കുകയും ചെയ്താൽ മാത്രമേ നടപടി സ്വീകരിക്കാവൂ.
9 പൊളിക്കുന്നതിനുമുമ്പ്, രണ്ട് സാക്ഷികൾ ഒപ്പിട്ട വിശദമായ പരിശോധനാ റിപ്പോർട്ട് തയാറാക്കണം.
10 പൊളിച്ചുമാറ്റൽ നടപടികൾ വിഡിയോ റെക്കോഡിങ് ചെയ്ത് സൂക്ഷിച്ചുവെക്കണം. പൊളിക്കൽ നടപടികളിൽ ഏതൊക്കെ ഉദ്യോഗസ്ഥർ പങ്കെടുത്തു എന്ന് രേഖപ്പെടുത്തുന്ന റിപ്പോർട്ട് തയാറാക്കി മുനിസിപ്പൽ കമീഷണർക്ക് കൈമാറണം. ഈ റിപ്പോർട്ട് ഡിജിറ്റൽ പോർട്ടലിൽ ലഭ്യമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.