ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബ്രോഡ് വെൽ ക്രിസ്ത്യൻ ആശുപത്രിക്കെതിരെ നിർബന്ധ മതപരിവർത്തനത്തിനെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. അലഹബാദ് ഹൈകോടതിയിലേക്ക് പോകാതെ കുറുക്കുവഴിയിൽ സുപ്രീംകോടതിയിലേക്ക് വരുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി കേൾക്കാൻ ബെഞ്ച് തയാറാകാതിരുന്നത്.
ആശുപത്രിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതിയിൽനിന്ന് പിൻവലിച്ച് ഹൈകോടതിയെ സമീപിക്കാൻ ബ്രോഡ് വെൽ ക്രിസ്ത്യൻ ഹോസ്പിറ്റൽ സൊസൈറ്റിയോട് ആവശ്യപ്പെട്ട ബെഞ്ച് അതിനുശേഷം ആവശ്യമെങ്കിൽ സുപ്രീംകോടതി സംരക്ഷണം നൽകാമെന്നും കൂട്ടിച്ചേർത്തു. ആശുപത്രിക്കെതിരായ മതപരിവർത്തന കേസ് മൂലം ഭീകരമായ സ്ഥിതിവിശേഷമാണെന്നും പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും ആശുപത്രിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. 29ഓളം ജീവനക്കാർക്ക് ആശുപത്രിയിലേക്ക് വരാനാവുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരം നൽകിയ ഹരജി അംഗീകരിക്കാനാവില്ലെന്നും ക്രിമിനൽ നടപടിക്രമം 482ാം വകുപ്പും ഭരണഘടനയുടെ 226ാം അനുച്ഛേദവും പ്രകാരം അലഹബാദ് ഹൈകോടതിയെ സമീപിക്കുകയാണ് സൊസൈറ്റി ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് തന്നെ വിഷയത്തിൽ അധികാരികൾക്ക് ഉചിതമായ നിർദേശം നൽകുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അവിടെ പരിഹാരമായില്ലെങ്കിൽ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് മുമ്പാകെ വരാമെന്നും ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.