ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതിരെ ബിൽക്കിസ് ബാനു നൽകിയ ഹരജി പുതിയ ബെഞ്ച് രൂപവത്കരിച്ച ശേഷം ഉടൻ പരിഗണിക്കുമെന്ന് സുപ്രീം കോടതി. പുതിയ ബെഞ്ച് എത്രയും വേഗം രൂപവത്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
നേരത്തെ ജസ്റ്റിസുമാരായ റസ്‌തോഗി, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹർജി പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ നിഷ്ക്രിയ ദയാവധവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി ജസ്റ്റിസുമാരായ റസ്തോഗിയും രവികുമാറും വാദം കേൾക്കുന്ന തിരക്കിലായതിനാൽ പരിഗണിച്ചില്ല. ശിക്ഷ ഇളവ് ചെയ്തതിനെ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജനുവരി 4 ന് ജസ്റ്റിസ് ത്രിവേദി സ്വയം പിന്മാറിയിരുന്നു.
2022 നവംബർ 30-നാണ് 11 പ്രതികളെ വിട്ടയച്ചതിനെതിരെ ബാനു സുപ്രീം കോടതിയെ സമീപിച്ചത്. മുൻ വിധികളെ പരാമർശിച്ചുകൊണ്ട് കൂട്ടമായ ഇളവുകൾ അനുവദനീയമല്ലെന്നും ഓരോ കുറ്റവാളിയുടെയും പ്രത്യേക വസ്തുതകളും അവർ വഹിച്ച പങ്കും അടിസ്ഥാനമാക്കി കേസ് പരിശോധിക്കാതെ ഇളവ് അനുവദിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളുടെ മോചനകാര്യം പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിന് അനുവാദം നൽകിയ സുപ്രീംകോടതി വിധിക്കെതിരെ ബിൽകീസ് ബാനു നൽകിയ പുന:പരിശോധന ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. 2022 മേയിലെ ഈ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് സർക്കാർ സമിതി രൂപീകരിച്ചതും പ്രതികളെ വിട്ടയക്കാനുള്ള തീരുമാനമെടുത്തതും. 2022 ഓഗസ്റ്റ് 15 നാണ് പ്രതികളെ വിട്ടയച്ചത്.
ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബിൽക്കീസ് ബാനുവിനും കുടുംബത്തിനുമെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന 21 വയസ്സുണ്ടായിരുന്ന ബിൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളിൽ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.