മധുര ഷാഹി ഈദ്ഗാഹ് മസ്ജിദ്: ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ലഖ്നോ: മധുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പള്ളിയിൽ പ്രാഥമിക സർവേ നടത്താൻ കഴിഞ്ഞദിവസമാണ് അലഹബാദ് ഹൈകോടതി അനുമതി നൽകിയത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ഹരജി തള്ളിയത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം പരാതികൾ കൈമാറിയ ഹൈക്കോടതിയുടെ 2023 മെയ് ഉത്തരവിനെ ചോദ്യം ചെയ്തുള്ള സ്‌പെഷ്യൽ ലീവ് പെറ്റീഷൻ കോടതി പരിഗണിക്കുന്നതിനിടെയാണ് ഇത്. ഇപ്പോൾ വിചാരണ കോടതിയായ അലഹബാദ് ഹൈകോടതി ഫലത്തെ സ്വാധീനിക്കുന്ന ചില ഇടക്കാല ഉത്തരവുകൾ പാസാക്കിയിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി വാദിച്ചു. എന്നാൽ ഹരജിയിൽ ഹൈകോടതി ഉത്തരവിനെ ഔദ്യോഗികമായി ചോദ്യം ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അവധിക്ക് ശേഷം കേസിൽ വാദം കേൾക്കാമെന്നും ഹൈകോടതി ഉത്തരവിട്ടാൽ മസ്ജിദ് കമ്മിറ്റിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ബെഞ്ച് പറഞ്ഞു.

സർവേക്ക് അഭിഭാഷക കമീഷനെ നിയമിക്കാൻ അലഹബാദ് ഹൈകോടതി ജസ്റ്റിസ് മായങ്ക് കുമാർ ജെയ്ൻ അനുമതി നൽകിയിരുന്നു. മൂന്നംഗ കമീഷനെ നിയോഗിക്കാനാണ് കോടതി തീരുമാനം. തുടർനടപടികൾ ഡിസംബർ 18ന് കോടതി തീരുമാനിക്കും. ഷാഹി ഈദ്ഗാഹ് പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്‍റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാർഥ സ്ഥാനമറിയാൻ അഭിഭാഷക കമീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.

2020 സെപ്റ്റംബർ 25നാണ് ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിൽ ലഖ്നോ കേന്ദ്രമായ രഞ്ജന അഗ്നിഹോത്രിയും മറ്റു ആറുപേരും ചേർന്ന് ഹരജി നൽകിയത്. ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ടാണ് ഇവർ കോടതിയിലെത്തിയത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനിൽക്കുന്നതെന്നും അതിനാൽ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ ഭൂമി ശ്രീകൃഷ്ണ വിരാജ്മാൻ പ്രതിമക്ക് തിരികെ നൽകണമെന്നുമാണ് ആവശ്യം. യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരാണ് എതിർകക്ഷികൾ.

Tags:    
News Summary - Supreme Court won’t pause mosque survey in Mathura Krishna Janmabhoomi land case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.