ന്യൂഡൽഹി: 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന വിവാഹിതയായ യുവതിയുടെ ഹരജി സുപ്രീംകോടതി തള്ളി. ഗർഭസ്ഥശിശുവിന് പ്രശ്നങ്ങളില്ലെന്നും പൂർണ ആരോഗ്യമുണ്ടെന്നുമുള്ള ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വിദഗ്ധരുടെ റിേപ്പാർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 24 ആഴ്ചവരെയുള്ള ഭ്രൂണം നീക്കാൻ മാത്രമേ നിയമപ്രകാരം(മെഡിക്കൽ ടെർമിനേഷൻ പ്രഗ്നൻസ് ആക്ട്) അനുമതി നൽകാനാവുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഗർഭസ്ഥശിശുവിന് 26 ആഴ്ചയും അഞ്ചു ദിവസവും പ്രായമുണ്ട്. മാതാവിന്റെ ആരോഗ്യത്തിന് ഗർഭസ്ഥശിശു ഭീഷണിയല്ല. ഭ്രൂണത്തിന് എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിക്കാൻ കോടതി നേരത്തേ ‘എയിംസി’ലെ വിദഗ്ധരോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയത്.
രണ്ടു മക്കളുടെ മാതാവായ 27കാരിക്ക് ഭ്രൂണം നീക്കാൻ അനുമതി നൽകി സുപ്രീംകോടതി ഒക്ടോബർ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറാണ് അപ്പീൽ നൽകിയത്. രണ്ടാമത്തെ കുഞ്ഞ് പിറന്നശേഷം തനിക്ക് വിഷാദരോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗർഭം അലസിപ്പിക്കാൻ അനുവാദം ചോദിച്ച് യുവതി സുപ്രീംകോടതിയിലെത്തിയത്. ബലാത്സംഗ ഇരകൾ, ഭിന്നശേഷിക്കാർ, പ്രായപൂർത്തിയാകാത്തവർ എന്നിവർക്ക് മാത്രമേ നിയമത്തിൽ ഇളവ് അനുവദിക്കാറുള്ളൂ.
വിവാഹിതരായ സ്ത്രീകളുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നീക്കാൻ മാത്രമേ നിയമപ്രകാരം അനുമതി നൽകാനാവുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഹരജി നൽകിയ യുവതിക്ക് തീരുമാനം പുനഃപരിശോധിക്കാൻ സുപ്രീംകോടതി 24 മണിക്കൂർ അനുവദിച്ചിരുന്നു. യുവതിയുടെ പ്രത്യുൽപാദനപരമായ അവകാശം നിലനിൽക്കുമ്പോൾ തന്നെ, ഗർഭസ്ഥശിശുവിനും അവകാശങ്ങളുണ്ടെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് നേരത്തേ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ നാഗരത്ന, ഹിമ കൊഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഭ്രൂണം നീക്കാൻ യുവതിക്ക് അനുമതി നൽകിയത്. പിന്നീട് രണ്ടംഗ ബെഞ്ചിൽ ഭിന്ന വിധിയുണ്ടായതിനാലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ പരിഗണനക്ക് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.