ന്യൂഡൽഹി: 12 എം.പിമാരുടെ സസ്പെൻഷൻ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി യോഗം വിളിച്ചു. സസ്പെൻഷനിലായ എം.പിമാരുടെ പാർട്ടി സഭ നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
രാജ്യസഭയിലെ ബി.ജെ.പി നേതാവ് മന്ത്രി പിയൂഷ് ഗോയലും പെങ്കടുക്കും. അതേസമയം, യോഗത്തിൽ പെങ്കടുക്കണമോ എന്ന കാര്യം തിങ്കളാഴ്ച രാവിലെ 9.45നു ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിക്കും. വിഷയത്തിൽ സമവായത്തിലെത്താൻ ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടിരുന്നു.
ഇതിെൻറ തുടർച്ചയെന്നോണമാണ് പാർലമെൻറ് സമ്മേളനത്തിന് അഞ്ചു പ്രവൃത്തി ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രശ്നപരിഹാരത്തിനുള്ള സർക്കാർ ശ്രമം. മുഴുവൻ പ്രതിപക്ഷ നേതാക്കളെയും വിളിക്കുന്നതിനു പകരം സസ്പെൻഷനിലായ എം.പിമാരുടെ സഭ നേതാക്കളെ മാത്രം ചർച്ചക്ക് വിളിച്ചതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
ഇതു പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്ന് പല നേതാക്കളും കരുതുന്നു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിൽ ചർച്ച ചെയ്യും. വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് സ്വന്തം നിലപാടെടുക്കും. എം.പിമാർ സസ്പെൻഷനിലായിട്ടും പ്രതിപക്ഷവുമായി സഹകരിക്കാതെ മുന്നോട്ട് പോവുകയാണ് തൃണമൂൽ.
സസ്പെൻഷനിലായ അംഗങ്ങൾ മാപ്പുപറയണമെന്നാണ് സർക്കാർ ആവശ്യം. അതിനു തയാറല്ലെന്ന് എം.പിമാരും വ്യക്തമാക്കുന്നു. സസ്പെൻഷനിലായ എം.പിമാർ പാർലമെൻറിലെ ഗാന്ധിപ്രതിമക്കു മുന്നിൽ ധർണ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.