ന്യൂഡൽഹി: 'സ്വദേശി'യാകുക എന്നതിന് എല്ലാ വിദേശ ഉൽപ്പന്നവും ബഹിഷ്കരിക്കുകയെന്ന് അർഥമില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നമുക്ക് അനുയോജ്യമായതൊക്കെ വാങ്ങാം. എന്നാൽ അത്, നമ്മളിൽ നിക്ഷിപ്തമായ വ്യവസ്ഥകൾക്ക് അനുസരിച്ചായിരിക്കണം -ഭാഗവത് ഓൺലൈനിലൂടെ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞു.
നമുക്ക് നല്ലതാണെന്ന് തോന്നുന്നവയൊക്കെ നാം സ്വീകരിക്കും. എല്ലാ ദിശകളിൽ നിന്നും അറിവ് നമ്മിലേക്ക് വരട്ടേയെന്ന് വേദഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. എന്നാൽ, നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ളവയായിരിക്കണം നാം പുറത്തുനിന്ന് സ്വീകരിക്കേണ്ടത്.
ആഗോളവത്കരണം പ്രതീക്ഷിച്ച ഫലമല്ല നൽകിയതെന്ന് കോവിഡ് 19 നമുക്ക് മനസിലാക്കി തന്നു. സ്വയംപര്യാപ്തമായ രാഷ്ട്രങ്ങൾ തമ്മിൽ പരസ്പര സഹകരണം വേണം. ലോകത്തെ ഒരൊറ്റ കമ്പോളമായി കാണാതെ ഒരു കുടുംബമായി കാണാൻ കഴിയണം.
വിദേശരാജ്യങ്ങളുടെ ഇടപെടലിലൂടെയുണ്ടായ നഷ്ടങ്ങൾ നികത്തുന്ന തരത്തിലുള്ള ഒരു സാമ്പത്തിക നയം സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യക്ക് ഉണ്ടായിട്ടില്ല. എന്നാൽ, നിലവിലെ സാമ്പത്തിക നയങ്ങൾ സമൃദ്ധി ലക്ഷ്യമിടുകയാണ്. ശരിയായ ദിശയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.