മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെയും ഒവൈസിയുടെയും പ്രസ്താവനകൾക്ക് പാകിസ്താൻ സ്വരമെന്ന് 'ഗോമൂത്ര സ്വാമി' ചക്രപാണി

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരിയുടെയും എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസസുദ്ദീൻ ഉവൈസിയുടെയും പ്രസ്താവനകൾക്ക് പാകിസ്താൻ സ്വരമെന്ന് ഹിന്ദു മഹാസഭാ അധ്യക്ഷനും കോവിഡ് ചികിത്സക്ക് ഗോമൂത്രവും ചാണകവും നിർദേശിക്കുകയും ചെയ്ത 'ഗോമൂത്ര സ്വാമി' എന്ന സ്വാമി ചക്രപാണി.

കോവിഡിന് മുമ്പുതന്നെ രാജ്യം മറ്റ് രണ്ട് ദുരന്തങ്ങൾക്ക് ഇരയായിത്തീർന്നിരുന്നുവെന്ന് ഹാമിദ് അൻസാരി നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ചക്രപാണിയെ ചൊടിപ്പിച്ചത്.അൻസാരി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും ചക്രപാണി പറഞ്ഞു.

"ഹാമീദ് അൻസാരിയുടെയും ഉവൈസിയുടെയും പ്രസ്താവനകൾ തമ്മിൽ വലിയ വ്യത്യാസമില്ല. അവർ പാകിസ്ഥാന്‍റെ പാകിസ്താന്‍റെ ഭാഷയാണ് സംസാരിക്കുന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച ഹമീദ് അൻസാരിയുടെ പ്രസ്താവനകൾ അപലപനീയമാണ്," ചക്രപാണി പറഞ്ഞു.

വിഭജനത്തിന് ഉത്തരവാദിയായിരുന്ന മുഹമ്മദ് അലി ജിന്നയുടെ പാതയിലാണ് ഉവൈസി സഞ്ചരിക്കുന്നത്. ഹിന്ദുക്കളെ ഭയപ്പെടുത്തി മുസ്​ലിം വോട്ടർമാരെ ധ്രുവീകരിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. അത്തരം ആളുകളെ മനസിലാക്കി നടപടികൾ ആരംഭിക്കാൻ ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, "ചക്രപാണി പറഞ്ഞു.

'ലവ് ജിഹാദിനെതിരെ' നിയമം രൂപവത്കരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നിവയുടെ റിപ്പോർട്ടുകളെക്കുറിച്ച് സംസാരിച്ച ചക്രപാണി, നമ്മുടെ ലക്ഷക്കണക്കിന് സഹോദരിമാരും പെൺമക്കളും ഇതുമൂലം ദുരിതമനുഭവിച്ചിട്ടുണ്ടെന്നും ഇതിനായി കർശന നിയമങ്ങൾ ആവശ്യമാണെന്നും പറഞ്ഞു.

നേരത്തേ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കോവിഡ് ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണി വാദിച്ചിരുന്നു. ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും. ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയുമെന്നാണ് അവകാശവാദം. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Swami Chakrapani compares Hamid Ansari to Owaisi; says both speak language of Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.