നമുക്കെല്ലാം അറിയാം; പക്ഷേ ആരും മിണ്ടുന്നില്ല, എല്ലാവരും മുസ്‍ലിംകളെ നിരാശരാക്കുന്നു -സ്വര ഭാസ്കർ

ന്യൂഡൽഹി: മകളെ കാണാൻ പോകുന്ന വയോധികനെ ട്രെയിനിൽ ഹിന്ദുത്വ ആൾക്കൂട്ടം ക്രൂരമായി മർദിച്ച സംഭവത്തിൽ സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും പാർട്ടികളും മൗനം പാലിക്കുന്നതിനെതിരെ സിനിമാ നടി സ്വര ഭാസ്കർ. ആൾക്കൂട്ട ആക്രമണത്തെ കുറിച്ച് എല്ലാവർക്കും എല്ലാം മനസ്സിലായിട്ടും ആരും ഒന്നും മിണ്ടാൻ കൂട്ടാക്കുന്നി​​ല്ലെന്ന് നടി എക്സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. എല്ലാവരും രാജ്യത്തെ മുസ്‍ലിം പൗരൻമാരെ നിരാശപ്പെടുത്തിയിരിക്കുന്നുവെന്നും ‘കല്യാൺ ആൾക്കൂട്ട ആക്രമണം’ (#KalyanLynching’) എന്ന ഹാഷ്ടാഗിൽ എഴുതിയ കുറിപ്പിൽ സ്വര ഭാസ്കർ പറഞ്ഞു.

‘കല്യാണിലെ ആൾക്കൂട്ട ആക്രമണം സംബന്ധിച്ച് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, അതേക്കുറിച്ച് പറയാൻ നാം ഇഷ്ടപ്പെടുന്നില്ല. ഇന്ത്യൻ സമൂഹം, ഇന്ത്യൻ പൗരന്മാരിലെ ഭൂരിപക്ഷം, ഇന്ത്യൻ സ്ഥാപനങ്ങൾ, മുഖ്യധാരാ ഇന്ത്യൻ രാഷ്ട്രീയക്കാർ, ഇന്ത്യൻ ജനകീയ സംസ്കാരം, ഇന്ത്യൻ മാധ്യമങ്ങൾ, ഇന്ത്യൻ നിയമപാലകർ, ഇന്ത്യൻ ജുഡീഷ്യറി എന്നിവയെല്ലാം ഇന്ത്യയിലെ മുസ്‍ലിം പൗരന്മാരെ നിരാശപ്പെടുത്തിയിരിക്കുന്നു’ എന്നാണ് സ്വരയുടെ കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് അഷ്‌റഫ് അലി സയ്യിദ് ഹുസൈൻ എന്ന 72കാരനെ മഹാരാഷ്ട്ര കല്യാണിൽ ദൂലെ-സി.എം.എസ്.ടി എക്സ്പ്രസിൽ സഹയാത്രികരായ ഒരുകൂട്ടം ഹിന്ദുത്വവാദികൾ ക്രൂരമായി ആക്രമിച്ചത്. ഗോമാംസം കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് വയോധികനെ അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി ഇവർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

ജൽഗാവ് സ്വദേശിയായ അഷ്‌റഫ് അലി സയ്യിദ് ഹുസൈൻ കല്യാണിലുള്ള മകളെ കാണാൻ പുറപ്പെട്ടതായിരുന്നു. ട്രെയിൻ നാസിക് റോഡ് സ്റ്റേഷനിലെത്തിയതിന് പിന്നാലെ ഏതാനും യുവാക്കൾ സീറ്റിന്‍റെ പേരിൽ ഇദ്ദേഹവുമായി തർക്കത്തിലായി. അഷ്‌റഫ് അലി സയ്യിദ് ഹുസൈൻ രണ്ട് ഭരണികളിൽ മാംസം കരുതിയിരുന്നു. ഇത് ഗോമാംസമാണെന്ന് ആരോപിച്ച് യുവാക്കൾ അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു. മുഖത്തടിക്കുന്നതും അപമാനിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. കല്യാൺ സ്റ്റേഷനിൽ ഇറങ്ങാനും അക്രമികൾ ഇദ്ദേഹത്തെ അനുവദിച്ചില്ല. പിന്നീട്, താനെയിൽ ഇറങ്ങിയ ശേഷമാണ് ഇദ്ദേഹം കല്യാണിലേക്ക് തിരിച്ചത്. അഷ്‌റഫ് അലി സയ്യിദ് ഹുസൈന്‍റെ കയ്യിലുണ്ടായിരുന്നത് ഗോമാംസമല്ലെന്നും പോത്തിറച്ചിയാണെന്നും പൊലീസ് അറിയിച്ചു. പോത്തിറച്ചിക്ക് നിരോധനമില്ല.

ഈ സംഭവത്തിന്റെ തൊട്ടുതലേന്ന് ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്നിരുന്നു. ആഗസ്റ്റ് 27ന് ചർഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്.

ആക്രിത്തൊഴിലാളിയായ സാബിറിനെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനുണ്ടെന്ന വ്യാജേന ഒരു കടയിലേക്ക് വിളിച്ചുവരുത്തിയശേഷം പ്രതികൾ ക്രൂരമായി മർദിച്ചു. സമീപവാസികൾ ഇടപെട്ടതോടെ സാബിറിനെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മർദനമേറ്റു. ബന്ധാര ഗ്രാമത്തിനടുത്തുള്ള ഒരു കുടിലിൽ താമസിച്ചുവന്നിരുന്ന സാബിർ, ആക്രി പെറുക്കി വിറ്റാണ് ജീവിച്ചിരുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം ഏഴു ഗോരക്ഷാ ഗുണ്ടകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ, ഹരിയാനയിൽ ഗോരക്ഷാ ഗുണ്ടകളുടെ നേതൃത്വത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള രണ്ട് മുസ്‌ലിം യുവാക്കളെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി ഗോരക്ഷാ ഗുണ്ടകൾ കാറിനുള്ളിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയിരുന്നു. നാസിർ (25), ജുനൈദ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലോഹരു പട്ടണത്തിന് സമീപം കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Full View

Tags:    
News Summary - swara bhaskar about kalyan mob lynch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.