ന്യൂഡൽഹി: ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറിന്‍റെയും മാധ്യമപ്രവർത്തക റാണ അയ്യൂബിന്‍റെയും വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'എന്‍റെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എന്‍റെ വാട്സാപ്പിലൂടെ എന്തെങ്കിലും കോഡ് പങ്കുവെക്കാനോ പണം അയക്കാനോ ആവശ്യപ്പെട്ടാൽ ചെയ്യരുത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണ്' -സ്വര ഭാസ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു.
തന്‍റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് റാണ അയ്യൂബ് അറിയിച്ചത്. ഒ.ടി.പി ആവശ്യപ്പെട്ടുകൊണ്ട് തന്‍റെ സുഹൃത്തിന്‍റെ നമ്പറിൽ നിന്ന് മെസ്സേജ് വന്നെന്നും, ഇത് നൽകിയതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. സൈബർ ക്രൈം സെല്ലിൽ പരാതി നൽകിയതായും റാണ അറിയിച്ചു.
സംഘ്പരിവാർ ഫാഷിസത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുന്നവരാണ് സ്വര ഭാസ്കറും റാണ അയ്യൂബും. ഉമർ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ളവർക്ക് ജാമ്യം നൽകാത്തതിനെതിരെ കഴിഞ്ഞ ദിവസം സ്വര ഭാസ്കർ രംഗത്തുവന്നിരുന്നു. ഒരു മുസ്‌ലിമിനെ എളുപ്പം തീവ്രവാദിയായി മുദ്രകുത്താമെന്നും, താൻ ഒരു ഹിന്ദുവിന്‍റെ മകളായതിനാൽ അത് എളുപ്പമായിരുന്നില്ലെന്നുമായിരുന്നു സ്വരയുടെ വാക്കുകൾ.
'ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിന് ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെ നിരവധി മുസ്‌ലിം യുവാക്കൾ നാല് വർഷമായി ജയിലിലാണ്. ഞാനും പ്രതിഷേധത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാൽ എന്നെ അവർ അറസ്റ്റ് ചെയ്തില്ല. കാരണം ഞാനൊരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. എന്നെ തീവ്രവാദ മുദ്രകുത്തി ജയിലിലടക്കുക അത്ര എളുപ്പമല്ലെന്ന് അവർക്ക് തോന്നിക്കാണും' -സ്വര ഭാസ്കർ പറഞ്ഞു. ഇതിന് പിന്നാലെ നടിക്കെതിരെ വ്യാപക സൈബർ അധിക്ഷേപമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.