മുംബൈ: സമാജ് വാദി പാർട്ടി നേതാവും ബോളിവുഡ് നടിയുമായ സ്വര ഭാസ്കറിന്‍റെ ഭർത്താവ് ഫഹദ് അഹ്മദ് ശരദ് പവാർ പക്ഷ എൻ.സി.പിയിൽ ചേർന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ അനുശക്തി നഗർ മണ്ഡലത്തിൽ മത്സരിക്കും. അജിത് പവാർ പക്ഷ എൻ.സി.പിയുടെ സനാ മാലിക്കാണ് എതിർ സ്ഥാനാർഥി. കഴിഞ്ഞവർഷമാണ് സ്വര ഭാസ്കറും ഫഹദും വിവാഹിതരാകുന്നത്.
മുതിർന്ന പാർട്ടി നേതാവ് നവാബ് മാലിക്കിന്‍റെ മകളാണ് സനാ മാലിക്. ഫഹദ് വിദ്യാസമ്പന്നനായ മുസ്ലിം യുവാവാണെന്നും രാജ്യത്തെ അറിയപ്പെടുന്ന ആക്ടിവിസ്റ്റാണെന്നും എൻ.സി.പി ശരദ് പവാർ പക്ഷ നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. ഇത്തരം നേതാക്കൾക്ക് അവസരം നൽകാനാണ് ജനം ആഗ്രഹിക്കുന്നത്. നേരത്തെ, ഫഹദ് സമാജ് വാദി പാർട്ടിയിലായിരുന്നു. പാർട്ടി അനുശക്തി മണ്ഡലത്തിലാണ് അദ്ദേഹത്തിന് സീറ്റ് നൽകിയതെന്നും ജയന്ത് പാട്ടീൽ വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തുവിട്ട എൻ.സി.പിയുടെ രണ്ടാംഘട്ട ലിസ്റ്റിലാണ് സന ഇടം നേടിയത്. ഇതുവരെ 45 സ്ഥാനാർഥികളുടെ പേരുകളാണ് പാർട്ടി പ്രഖ്യാപിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ അന്വേഷണം നേരിടുന്നതിനാൽ നവാബ് മാലിക്കിനെ സ്ഥാനാർഥിയാക്കുന്നതിൽ ബി.ജെ.പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് മകൾക്ക് സീറ്റ് കൊടുക്കാൻ പാർട്ടി തീരുമാനിച്ചത്. ഗുരുതര ആരോപണം നേരിടുന്നതിനാൽ നവാബ് മാലിക്ക് സഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കില്ലെന്ന് കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. നവംബർ 20നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണൽ നടക്കും.
അതേസമയം, ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും കോൺഗ്രസും തമ്മിൽ ഈഗോ പോര് തുടരുന്നതിനാൽ സ്ഥാനാർഥി നിർണയവും പ്രതിസന്ധിയിലാണ്. എം.വി.എയിൽ കോൺഗ്രസും (71) ഉദ്ധവ് പക്ഷവും (80) പവാർ പക്ഷവും (67) ഇതുവരെ 218 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 288 മണ്ഡലങ്ങളാണുള്ളത്. ആറ് സീറ്റിൽ പി.ഡബ്ല്യു.പിയും നാലുവീതം സീറ്റുകളിൽ സി.പി.എമ്മും സമാജ് വാദി പാർട്ടിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മത്സരിക്കാൻ ആദ്യം താൽപര്യം കാണിച്ച ആം ആദ്മി പാർട്ടി പിന്നീട് പിന്മാറി.
എങ്കിലും മഹാവികാസ് അഘാഡിക്ക് വേണ്ടി അരവിന്ദ് കെജ്രിവാൾ പ്രചാരണത്തിനെത്തും. മഹായൂത്തിൽ ബി.ജെ.പിയും (121) ഷിൻഡെ പക്ഷവും (45) അജിത് പക്ഷവും (49) ഇതുവരെ 215 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഭരണ മുന്നണിയിലും സീറ്റ് തർക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.