തുരങ്കത്തിനകത്തുള്ള തൊഴിലാളികളോട് സംസാരിച്ച രക്ഷാപ്രവർത്തന സംഘത്തിലെ ശംഭുമിശ്രയും രാജേന്ദറും

അകത്ത് ഭൂമിവാതിൽ തുറക്കുന്ന ആഹ്ലാദം; മഴപെയ്തിട്ടും ആവേശമൊഴിയാതെ തുരങ്കമുഖം

സിൽക്യാര (ഉത്തരകാശി): സിൽക്യാര രക്ഷാദൗത്യം ലക്ഷ്യത്തോട് അടുക്കുമ്പോൾ 17 ദിവസമായി പുറംലോകം കാണാതെ കഴിയുന്ന തുരങ്കവാസികളായ 41 തൊഴിലാളികളും ഇത്രനാളും തങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടന്ന ഭൂമിവാതിൽ തുറക്കുന്നതിന്‍റെ ആഹ്ലാദത്തിൽ. ഇത്രനാൾ വിട്ടുനിന്ന മഴ രക്ഷാദൗത്യത്തിന്‍റെ അവസാന മണിക്കൂറുകളിൽ പെയ്തിട്ടും, പുറത്തെത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റാൻ തുരങ്കത്തിനകത്തേക്ക് ആംബുലൻസുകൾക്ക് വരാനായി ആവേശം ചോരാതെ വഴിവെട്ടുകയാണ് പുറത്ത് സഹതൊഴിലാളികൾ.

കുഴൽപാത കേവലം അഞ്ച് മീറ്റർ മാത്രം അകലെയാണെന്ന വിവരമറിഞ്ഞതിന്‍റെ ആവേശത്തിൽ അകത്ത് നിന്ന് തങ്ങളും ഒരു കൈ നോക്കാമെന്ന് തൊഴിലാളികൾ മറുപടി നൽകിയെന്ന് അവരോട് സംസാരിച്ച ശംഭു മിശ്ര ‘മാധ്യമ’ത്തോടു പറഞ്ഞു. ഇന്ന് തന്നെ പുറത്തുവരുമെന്ന് ഉറപ്പിച്ചുകഴിഞ്ഞ അവർ അവസാനം തുറന്നുകിട്ടാനുള്ള തുരങ്കത്തിനകത്തെ ഭാഗം തങ്ങൾ തുരക്കാമെന്നാണ് ആവേശത്തോടെ പറഞ്ഞതെന്നും ശംഭു മി​ശ്ര തുടർന്നു. ഇത് കേട്ടതോടെ ഇപ്പുറത്ത് കുഴലിടാൻ തുരന്നുകൊണ്ടിരിക്കുന്നവർക്കും ആവേശമേറി.


യന്ത്രങ്ങളിൽ നിന്ന് തങ്ങളുടെ കൈകളിലെത്തിയതോടെയാണ് രക്ഷാദൗത്യത്തിന് ജീവൻ വെച്ചതെന്നും ​ഹൈദരാബാദിൽ നിന്നു കൊണ്ടുവന്ന പ്ലാസ്മ കട്ടർ തങ്ങൾ തൊട്ടിട്ടുപോലുമില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു. ഇന്ന് രാവിലെയും പതിവ് പോലെ അവർക്കുള്ള ഭക്ഷണം ലൈഫ്​ലൈനിലൂടെ എത്തിച്ചെന്നും ഇതുവരെ പ്രയാസങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ശംഭു മിശ്രക്കൊപ്പമുണ്ടായിരുന്ന രാ​ജേന്ദർ പറഞ്ഞു.


അകത്ത് കഴിയുന്ന 41 തൊഴിലാളികളെ സുരക്ഷിതരായി പുറ​ത്തെടുത്ത് എത്രയും പെ​ട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ആവേശത്തോടെ വഴിവെട്ടുകയായിരുന്നു സഹ​തൊഴിലാളികൾ. അതിനിടയിലാണ് രക്ഷാദൗത്യം തുടങ്ങിയ ശേഷം ആദ്യമായി മഴയെത്തിയത്. മഴയിലും ആവേശം ചോരാതെ തുരങ്കത്തിലേക്കുള്ള കുണ്ടും കുഴിയും നിറഞ്ഞ വഴി ആംബുലൻസിന് സുഗമമായി പോകാവുന്ന തരത്തിൽ അവർ നിരപ്പാക്കി. 

Tags:    
News Summary - silkyara tunnel rescue operation in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.