ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലുള്ള സിൽക്യാര തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാദൗത്യം തുടരുന്നു. ഡ്രില്ലിങ് നടത്തുന്ന ഓഗർ മെഷീന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് തുരക്കൽ താൽക്കാലികമായി നിർത്തിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ വീണ്ടും തുടങ്ങുമെന്ന് അറിയിച്ചെങ്കിലും തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തുരക്കൽ നിർത്തിയിരിക്കുകയാണ്. 60 മീറ്ററിൽ 12 മീറ്ററാണ് ഇനി തുരക്കാൻ ബാക്കിയുള്ളത്.
വ്യാഴാഴ്ച മുതൽ രക്ഷാപ്രവർത്തനത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇന്ന് വൈകീട്ടോടെയാണ് തുരക്കൽ പ്രവൃത്തി വീണ്ടും ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ഇതിനിടെയാണ് വീണ്ടും തടസം നേരിട്ടത്. അതേസമയം, രക്ഷാപ്രവർത്തനം എപ്പോൾ പൂർത്തിയാകുമെന്ന് മുൻകൂട്ടി പറയാനാവില്ലെന്നും മാധ്യമങ്ങൾ ജനങ്ങളിൽ തെറ്റായ മുൻധാരണയുണ്ടാക്കരുതെന്നും ദേശീയ ദുരന്തനിവാരണ സേന പറഞ്ഞു.
കോൺക്രീറ്റ് അവശിഷ്ടം തുരന്ന് വിസ്താരമേറിയ പൈപ്പ് കടത്തി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് പദ്ധതി. തൊഴിലാളികളെ ഓരോരുത്തരെയായി പൈപ്പിലൂടെ ചക്രം ഘടിപ്പിച്ച സ്ട്രെച്ചറിൽ പുറത്തെത്തിക്കും. ഇതിന്‍റെ ഡെമോ പ്രവർത്തനം ദുരന്തനിവാരണ സേന നടത്തി. തൊഴിലാളികളെ പുറത്തെത്തിച്ചയുടൻ പരിശോധിക്കാൻ മെഡിക്കൽ സംഘവും ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളും തുരങ്കത്തിന് പുറത്ത് സജ്ജമാണ്.
നവംബർ 12നാണ് നിർമാണത്തിലുള്ള സിൽക്ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിയത്. ഇവരെ നിരന്തരമായി ബന്ധപ്പെടുകയും കുഴലിലൂടെ ഭക്ഷണവും വെള്ളവും ഉൾപ്പെടെ നൽകുകയും ചെയ്യുന്നുണ്ട്. ഇവരുടെ ആരോഗ്യനിലയും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.