തബ്ലീഗ്: വിദേശികളുടെ വിസ അപേക്ഷ സാധാരണപോലെ പരിഗണിക്കണം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടെ നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ വിദേശികളുടെ പുതിയ വിസ അപേക്ഷകള്‍ സാധാരണ അപേക്ഷ പോലെ പരിഗണിക്കണമെന്ന് സുപ്രീംകോടതി. പുതിയ അപേക്ഷ പരിഗണിക്കുമ്പോള്‍ അവരെ കരിമ്പട്ടികയിൽപെടുത്തിയത് കണക്കിലെടുക്കരുതെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിന് നിർദേശം നൽകി. കരിമ്പട്ടികയിൽപെടുത്തുന്നതിന് മുന്‍കൂട്ടി നോട്ടീസ് നല്‍കുകയോ കരിമ്പട്ടികയിൽപെടുത്തിയതായി അറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല.

വിസ റദ്ദാക്കിയതിനാല്‍ ഹരജിക്കാരെല്ലാം രാജ്യം വിട്ടിട്ടുണ്ട്. അവരെ കരിമ്പട്ടികയിൽപെടുത്തിയ ഉത്തരവ് അവര്‍ രാജ്യം വിടുമ്പോഴും കൈമാറിയിട്ടില്ല. വീണ്ടും തിരിച്ചുവരുന്നതിനുള്ള ഹരജിക്കാർക്കുള്ള ഏക തടസ്സം അവരെ കരിമ്പട്ടികയിൽപെടുത്തിയത് മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അവര്‍ക്ക് വീണ്ടും രാജ്യത്തേക്ക് വരാന്‍ വിസക്കായി അപേക്ഷിക്കാം. സാധാരണ വിസ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ മുഴുവന്‍ പാലിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യാമെന്നും ബെഞ്ച് വ്യക്തമാക്കി.

കോവിഡിന്‍റെ തുടക്കത്തിൽ നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തതിന് കരിമ്പട്ടികയില്‍പെടുത്തിയതിനെ ചോദ്യം ചെയ്ത് വിദേശികളായ തബ്ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 3,500 വിദേശികളെയാണ് കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയിൽപെടുത്തിയത്.

Tags:    
News Summary - Tablighi Jamaat: SC asks authorities to examine future visa applications of blacklisted foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.