'ടേക് കെയർ ഓഫ് മൈ പപ്പ'; വൈകാരിക ട്വീറ്റുമായി ലാലു പ്രസാദിന്‍റെ മകൾ

ന്യൂഡൽഹി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സിംഗപ്പൂരിലേക്ക് പോയ ആർ.ജെ.ഡി പ്രസിഡന്റ്‌ ലാലു പ്രസാദ് യാദവ് ഇന്ന് നാട്ടിൽ തിരിച്ചെത്തും. ലാലുവിന്റെ മകൾ രോഹിണി ആചാര്യയാണ് പിതാവിന് വൃക്ക ദാനം ചെയ്തത്. "ടേക് കെയർ ഓഫ് മൈ പപ്പ" എന്ന തലക്കെട്ടോടു കൂടിയ രോഹിണിയുടെ ട്വീറ്റ് വൈറലായി.

ട്വീറ്റിൽ പറയുന്നതിങ്ങനെ - "നമ്മുടെയെല്ലാം നേതാവായ ലാലുജിയുടെ ആരോഗ്യത്തെ കുറിച്ച് ഒരു പ്രധാന കാര്യം പറയാനുണ്ട്. ഫെബ്രുവരി 11ന് പപ്പ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണ്. മകൾ എന്ന നിലയിൽ ഞാൻ എന്റെ ഉത്തരവാദിത്തം ചെയ്യുന്നു. അച്ഛനെ ആരോഗ്യവാനാക്കിയതിന് ശേഷം നിങ്ങളുടെ അടുത്തേക്ക് പറഞ്ഞുവിടുകയാണ്. ഇനി നിങ്ങളാണ് എന്റെ അച്ഛനെ നോക്കേണ്ടത്"

ഇക്കഴിഞ്ഞ ഡിസംബറിലാണ് ലാലുപ്രസാദ് യാദവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സിംഗപ്പൂരിലേക്ക് പോയത്. ശസ്ത്രക്രിയക്ക് ശേഷവും മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ട്വീറ്റിൽ ഇങ്ങനെ കുറിച്ചിരുന്നു.

"വിജയകരമായ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം അച്ഛനെ ഓപ്പറേഷൻ തീയേറ്ററിൽ നിന്നും ഐ.സി.യുവിലേക്ക് മാറ്റി. വൃക്ക നൽകിയ സഹോദരി രോഹിണിയും അച്ഛനും ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ പ്രാർഥനകൾക്ക് നന്ദി."

പിതാവിന് വൃക്ക നൽകാൻ രോഹിണി തയാറായിരുന്നു. കഴിഞ്ഞ നവംബറിലാണ് രോഹിണിയുടെ വൃക്ക പിതാവിന് ചേരുന്നതാണെന്ന് ഡോക്ടർ പറഞ്ഞത്.

ലാലുവിന്റെ ഇരു വൃക്കകൾക്കും സങ്കീർണമായ തകരാറുകൾ ഉണ്ടായിരുന്നു. തുടർന്നാണ് ഡോക്ടർ വൃക്ക മാറ്റിവെക്കണമെന്ന് നിർദേശിച്ചത്. എൻജിനീയറായ റാവു സംരേഷ് സിംഗിന്റെ ഭാര്യയാണ് രോഹിണി. ഇവർക്ക് രണ്ട് ആൺകുട്ടികളും ഒരു മകളുമാണുള്ളത്.


Tags:    
News Summary - Take Care of My Papa-Lalu Prasads daughter with an emotional tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.