സംഗീതത്തിൽ സങ്കുചിത രാഷ്ട്രീയം കലർത്തരുത്; ടി.എം. കൃഷ്ണക്ക് പിന്തുണയുമായി എം.കെ. സ്റ്റാലിൻ

ചെന്നൈ: കർണാട്ടിക് സംഗീതജ്ഞൻ ടി.എം. കൃഷ്ണക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമ​ന്ത്രി എം.കെ. സ്റ്റാലിൻ. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ടി.എം. കൃഷ്ണക്ക് നൽകിയതിൽ നിരവധി സംഗീതജ്ഞർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ''സംഗീത കലാനിധി പുരസ്കാരത്തിന് അർഹനായ പ്രശസ്ത ഗായകൻ ടി.എം. കൃഷ്ണക്ക് ഹൃദയംഗമായ അഭിനന്ദനങ്ങൾ.''-എന്നാണ് സ്റ്റാലിൻ എക്സിൽ കുറിച്ചത്.

''ടി.എം. കൃഷ്ണയുടെ പുരോഗമന രാഷ്ട്രീയ നിലപാടുകളുടെ പേരിലും സാധാരണക്കാരെക്കുറിച്ച് നിരന്തരം സംസാരിക്കുന്നതിന്റെ പേരിലും അദ്ദേഹത്തെ വിമർശിക്കുന്നത് ഖേദകരമാണ്. മനുഷ്യത്വത്തിൽ അധിഷ്ഠിതമായ മാനുഷിക സമത്വത്തിനും സ്ത്രീകൾക്ക് പുരുഷന് തുല്യം ജീവിക്കാൻ വേണ്ടി പോരാടിയ പെരിയാറിനെതിരെ അനാവശ്യമായി ആഞ്ഞടിക്കുന്നത് ന്യായമല്ല. പെരിയാറിന്റെ നിസ്വാർഥ ജീവചരിത്രവും അദ്ദേഹത്തിന്റെ ചിന്തകളും വായിക്കുന്ന ആരും ഇത്തരം അപവാദ ചെളിവാരിയെറിയാൻ ശ്രമിക്കില്ല. ഈ മഹത്തായ പുരസ്കാരത്തിന് കൃഷ്ണയെ തെരഞ്ഞെടുത്തതിന് മ്യൂസിക് അക്കാദമി മാനേജ്മെന്റും അഭിനന്ദനമർഹിക്കുന്നു. അദ്ദേഹത്തിന്റെ കഴിവ് നിഷേധിക്കാൻ കഴിയാത്തതാണ്. രാഷ്ട്രീയവും മതവിശ്വാസം തമ്മിൽ കലർത്തുന്നത് പോലെ, ഒരിക്കലും സങ്കുചിത രാഷ്ട്രീയം സംഗീതത്തിൽ കലർത്തരുത്. വിശാല മാനുഷിക വീക്ഷണവും വിദ്വേഷം ഒഴിവാക്കാനും സഹജീവികളെ ആശ്ലേഷിക്കാനുമുള്ള കഴിവാണ് ഒഡേയുടെ ആവശ്യം''-എന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

നേരത്തേ ഡി.എം.കെ നേതാവ് കനിമൊഴിയും കൃഷ്ണക്ക് പിന്തുണയുമായെത്തിയിരുന്നു. കൃഷ്ണക്ക് പുരസ്കാരം നൽകിയതിനെ എതിർത്ത് നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു. കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും എം.എസ്.സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന നിലപാടുകൾ കൃഷ്ണ സ്വീകരിച്ചിരുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

പ്രതിഷേധ സൂചകമായി ഡിസംബറിൽ നടക്കുന്ന സംഗീത അക്കാദമിയുടെ വാർഷിക സംഗീതോത്സവം ബഹിഷ്കരിക്കുമെന്നു രഞ്ജിനി-ഗായത്രി സഹോദരിമാർ പ്രഖ്യാപിച്ചു. തൃശൂർ സഹോദരരായ ശ്രീകൃഷ്ണ മോഹൻ - രാംകുമാർ മോഹൻ എന്നിവരും ഗായകൻ വിശാഖ ഹരിയും ഉൾപ്പെടെയുള്ളവർ മ്യൂസിക് അക്കാദമി സംഗീതോത്സവം ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. 2017ൽ മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ലഭിച്ച ചിത്രവീണ രവികിരൺ പ്രതിഷേധ സൂചകമായി പുരസ്കാരം തിരികെ നൽകുമെന്ന് എക്സിൽ അറിയിച്ചു.

Tags:    
News Summary - Tamil Nadu CM MK Stalin backs TM Krishna on Sangita Kalanidhi award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.