സംസ്ഥാന ബജറ്റ് ലോഗോയിൽ രൂപയുടെ ഔദ്യോഗിക ചിഹ്നം ഒഴിവാക്കി തമിഴ്നാട്; സ്റ്റാലിൻ വിഡ്ഢിയെന്ന് അണ്ണാമലൈ

സംസ്ഥാന ബജറ്റ് ലോഗോയിൽ രൂപയുടെ ഔദ്യോഗിക ചിഹ്നം ഒഴിവാക്കി തമിഴ്നാട്; സ്റ്റാലിൻ വിഡ്ഢിയെന്ന് അണ്ണാമലൈ

ചെന്നൈ: ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന തീരുമാനത്തിൽ കേന്ദ്രസർക്കാറുമായി തർക്കം തുടരവെ മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തി തമിഴ്നാട്. 2025-26ലെ സംസ്ഥാന ബജറ്റിന് മുന്നോടിയായി ഡി.എം.കെ സർക്കാർ തയാറാക്കിയ ലോഗോയിൽ റുപായ് എന്നതിന്റെ ഔദ്യോഗിക ചിഹ്നം ഒഴിവാക്കി. പകരം റു എന്നതിന്റെ തമിഴ് അക്ഷരമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാർച്ച് 14നാണ് ബജറ്റ് അവതരിപ്പിക്കുന്നത്.ബജറ്റിന്റെ ടീസറും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്സിൽ പങ്കുവെച്ചു. റുപെ എന്നതിന്റെ ഹിന്ദി അക്ഷരമാണ് രൂപയുടെ ഔദ്യോഗിക ചിഹ്നം.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ തമിഴ്നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ എന്ന് പറഞ്ഞാണ് സ്റ്റാലിൻ ടീസർ പങ്കുവെച്ചത്. ദ്രവീഡിയൻ മാതൃക, ടി.എൻ ബജറ്റ് 2025 എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് ബജറ്റിന്റെ ലോഗോ പങ്കുവെച്ചത്. ഈ ലോഗോയിൽ രൂപയുടെ ചിഹ്നം വ്യക്തമായി കാണാനും കഴിയില്ല.

അതേസമയം, കഴിഞ്ഞ രണ്ടു ബജറ്റുകളിലും തമിഴ്നാട് ​സർക്കാർ ബജറ്റിന്റെ ​ലോഗോകളിൽ രൂപയുടെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചിരുന്നു. ദേശീയ കറൻസി ചിഹ്നം സംസ്ഥാനം നിരസിക്കുന്നത് ഇതാദ്യമായാണ്. ദേശീയ വിദ്യാഭ്യാസ നയത്തിനും ത്രിഭാഷാ ഫോർമുലയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ നടത്തുന്ന ചെറുത്തുനിൽപ്പിനിടെയാണ് ഈ തീരുമാനം.

അതിനിടെ രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ തമിഴ്നാട് സർക്കാറിന്റെ തീരുമാനത്തെ വിഡ്ഡിത്തം എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമ​ലൈ വിമർശിച്ചത്. ഡി.എം.കെ മുൻ എം.എൽ.എയുടെ മകൻ ഉദയ് കുമാർ ആണ് രൂപയുടെ ചിഹ്നം ഔദ്യോഗികമായി ഡിസൈൻ ചെയ്തത്.

'ഇന്ത്യ മുഴുവൻ ഔദ്യോഗികമായി അംഗീകരിച്ച രൂപയുടെ ചിഹ്നം ഒഴിവാക്കിക്കൊണ്ടുള്ളതാണ് 2025-26 ലെ ഡി.എം.കെ സർക്കാറിന്റെ ബജറ്റ് ലോഗോ. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ട സ്റ്റാലിനെ വിഡ്ഢി എന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക''-അണ്ണാമലൈ ചോദിച്ചു.

Tags:    
News Summary - Tamil Nadu drops rupee symbol in state Budget in big escalation in language row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.