400 വർഷം പഴക്കം, രണ്ട് കോടിയിലേറെ വില; വിൽക്കാൻ ശ്രമിക്കുന്നതിനിടെ പുരാതന വിഗ്രഹം പിടിച്ചെടുത്തു; നാലുപേർ അറസ്റ്റിൽ

ചെ​ന്നൈ: രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന, 400 വർഷം പഴക്കമുള്ള പുരാതന വിഗ്രഹം വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൂത്തുക്കുടി സ്വദേശികളായ അറുമുഖരാജ് (56), കുമാരവേൽ (32), മുസ്തഫ (31), സെൽവകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


പുരാതന വിഗ്രഹം വിൽക്കാൻ ശ്രമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് ഡയറക്ടർ ജനറൽ കെ. ജയന്ത് മുരളി, ഐ.ജി ദിനകരൻ, പൊലീസ് സൂപ്രണ്ട് രവി എന്നിവർ ഉൾപ്പെട്ട സംഘം വിഗ്രഹ വിൽപനക്കാരെ നിരീക്ഷിച്ചു. വളരെ കരുതലോ​ടെയാണ് അവർ വിഗ്രഹം കച്ചവടം ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്നതെന്ന് പൊലീസ് സംഘത്തിന് ബോധ്യമായി.


മധുരൈ റേഞ്ച് അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് മലൈസാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. വിഗ്രഹ ശേഖരണത്തിലെ മുഖ്യസൂത്രധാരനെ കണ്ടെത്താനുള്ള തന്ത്രങ്ങളാണ് പൊലീസ് ആദ്യം മെനഞ്ഞത്. വിലപിടിച്ച വിഗ്രഹങ്ങൾ വാങ്ങുന്ന കച്ചവടക്കാരാണെന്ന് വിൽപനക്കാരെ സമീപിച്ചായിരുന്നു അവരുടെ നീക്കങ്ങൾ.


ഇതിനായി പൊലീസുകാർ വേഷംമാറിയെത്തുകയായിരുന്നു. വിൽപനക്കാരുടെ വിശ്വാസം നേടിയെടുത്ത ശേഷം പുരാതന വിഗ്രഹം കൈവശമുണ്ടായിരുന്നയാളെ പൊലീസ് സംഘം തിരിച്ചറിഞ്ഞു. പിന്നീട് വിൽപനക്കാരുമായി വിഗ്രഹം വാങ്ങാൻ കരാർ ഉണ്ടാക്കി.


'പറഞ്ഞുറപ്പിച്ച' കച്ചവടത്തിനായി ട്രിച്ചി ജില്ലയിൽ നിന്നുള്ള മുസ്തഫ എന്നയാൾ, ട്രിച്ചി-മധുര ഹൈവേയിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് പുരാതന വിഗ്രഹവുമായി എത്തി. മുസ്തഫ, അറുമുഖരാജ്, കുമാരവേൽ എന്നിവരെ പൊലീസ് ഉടൻ പിടികൂടി ചോദ്യം ചെയ്തപ്പോൾ തമിഴ്‌നാട് ശിവഗംഗ ജില്ലയിൽ നിന്നുള്ള സെൽവകുമാർ എന്നയാളിൽ നിന്നാണ് വിഗ്രഹം ലഭിച്ചതെന്ന് കണ്ടെത്തി.


അഞ്ച് വർഷം മുമ്പ് മരിച്ച പിതാവ് നാഗരാജനിൽനിന്നാണ് വിഗ്രഹം തനിക്ക് ലഭിച്ചതെന്നായിരുന്നു സെൽവകുമാറിന്റെ മൊഴി. ശിവഗംഗയിലെ ഒരു നാളികേര വ്യാപാരിയാണ് ജ്യോതിഷിയായ പിതാവിന് വിഗ്രഹം നൽകിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.


അതേസമയം, നാളികേര വ്യാപാരിയുടെ പേരും വിലാസവുമൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇതിനായി ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. സെൽവകുമാർ ഏതാനും ആഴ്ചകൾക്ക് മുമ്പ് മുസ്തഫയെയും സംഘത്തിലെ മറ്റ് ഇടനിലക്കാരെയും കണ്ട് വിഗ്രഹം വിൽക്കാനുള്ള ആലോചനകൾ നടത്തിയിരുന്നു.


എത്രയും വേഗം വിഗ്രഹം വിറ്റൊഴിവാക്കാനും തുക പങ്കുവെക്കാനുമുള്ള നീക്കങ്ങളാണ് ഇവർ ആവിഷ്കരിച്ചിരുന്നത്. മുസ്തഫയോട് വിഗ്രഹം 2.30 കോടി രൂപയ്ക്ക് വിൽക്കാനായിരുന്നു സെൽവകുമാർ നിർദേശിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - tamilnadupoliceidolwingrecoversantique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.