ന്യൂഡൽഹി: ഇന്ത്യയിൽ നികുതി അടക്കുന്നത് ഒഴിവാക്കുന്നതിനായി ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോ വരുമാനത്തിന്‍റെ 50 ശതമാനവും ചൈനയിലേക്ക് അനധികൃതമായി കടത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ചൈനീസ് പൗരന്മാരും നിരവധി ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ട വലിയ കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിനെയാണ് തകർത്തതെന്നും ഇ.ഡി അവകാശപ്പെട്ടു.
1,25,185 കോടിയാണ് വിവോയുടെ ആകെ വരുമാനം. ഇതിന്‍റെ പകുതിയോളം വരുന്ന 62,476 കോടി രൂപയാണ് ചൈനയിലേക്കും മറ്റിടങ്ങളിലേക്കും അയച്ചതായി ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. 2018-21 കാലഘട്ടത്തിൽ ഇന്ത്യ വിട്ട വിവോയുടെ മുൻ ഡയറക്ടർ ബിൻ ലോ ഉൾപ്പെടെ മൂന്ന് ചൈനീസ് പൗരന്മാരും ചൈനയിലുള്ള ഒരാളും ചേർന്ന് 23 അനുബന്ധ കമ്പനികളുണ്ടാക്കി. ഇതിന് നിതിൻ ഗാർഗ് എന്ന ചാർട്ടേഡ് അക്കൗണ്ടിന്‍റെ സഹായവും ലഭിച്ചു. ഈ കമ്പനികൾ വിവോ ഇന്ത്യക്ക് കോടികളുടെ ഫണ്ട് കൈമാറി.
നികുതിവെട്ടിപ്പ് നടത്തുന്നതിനായി ഇന്ത്യയിലുള്ള കമ്പനികൾ വലിയ നഷ്ടത്തിലാണെന്ന് വരുത്തിത്തീർക്കുന്നതിനായിരുന്നു ഇത്തരത്തിലുള്ള ഇടപാട് നടത്തിയത്. കള്ളപ്പണ കേസിൽ വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെയും 23 അനുബന്ധ കമ്പനികളുടെയും വിവിധ സംസ്ഥാനങ്ങളിലെ ഓഫിസുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതിൽ 119 ബാങ്ക് അക്കൗണ്ടുകളിലെ 465 കോടിയാണ് പിടിച്ചെടുത്തതെന്നും ഇ.ഡി അറിയിച്ചു. പണമായി 73 ലക്ഷവും രണ്ടു കിലോ സ്വർണക്കട്ടികളും പിടിച്ചെടുത്തു. വിവോ ഇന്ത്യയും വിവിധ സംസ്ഥാനങ്ങളിലായുള്ള അനുബന്ധ കമ്പനികളും ഇപ്പോൾ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.