ചെന്നൈ: മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ആരോപണവിധേയരായ കോടികളുടെ പുകയില ഉൽപന്ന അഴിമതിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് അന്നത്തെ മുഖ്യമന്ത്രി ജയലളിതക്ക് നൽകിയ രഹസ്യകുറിപ്പ് തോഴി ശശികലയുടെ മുറിയിൽ കണ്ടെത്തി. അനധികൃത പുകയില ഉൽപന്ന അഴിമതിക്കേസ് സി.ബി.െഎക്ക് വിടണമെന്ന െപാതുതാൽപര്യഹരജി മദ്രാസ് ഹൈകോടതിയിൽ പരിഗണിക്കവെയാണ് ആദായനികുതി വകുപ്പിെൻറ വെളിപ്പെടുത്തൽ.
ജയലളിതയുടെ വസതിയായ പോയസ്ഗാർഡനിലെ വേദനിലയത്തിൽ ശശികല തങ്ങിയിരുന്ന മുറിയിൽ നവംബർ 17ന് നടന്ന ആദായനികുതി പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന തെളിവ് ലഭിച്ചത്. ചെന്നൈയിലെ നഗര പ്രാന്തങ്ങളിൽ പുകയില ഉൽപന്ന ഗോഡൗണുകളിൽ രണ്ടുവർഷം മുമ്പ് വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ സൂചിപ്പിച്ചാണ് ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും രഹസ്യനോട്ട് നൽകിയിരുന്നത്. സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ, ഇപ്പോഴത്തെ ഡി.ജി.പിയും അന്നത്തെ ചെന്നൈ സിറ്റി പൊലീസ് കമീഷണറുമായിരുന്ന ടി.കെ. രാജേന്ദ്രനുൾപ്പെടെയുള്ളവർ മാസപ്പടി ആരോപണത്തിൽപെട്ട വിഷയം വൻകോളിളക്കം സൃഷ്ടിച്ചിരുന്നു.
ആരോപണവിധേയർക്കെതിരെ നടപടിയാവശ്യപ്പെടുന്ന റിപ്പോർട്ടും തെളിവുകളും മുഖ്യമന്ത്രിക്ക് നൽകിയ നോട്ടിൽ ഉൾപ്പെട്ടിരുന്നു. 2016 ആഗസ്റ്റ് 11ന് അന്നത്തെ ഡി.ജി.പിക്ക് നൽകിയ േനാട്ട് അദ്ദേഹം സെപ്റ്റംബർ രണ്ടിന് ഒപ്പുവെച്ച് മുഖ്യമന്ത്രി ജയലളിതക്ക് നൽകിയതും ശശികലയുടെ മുറിയിൽനിന്ന് കണ്ടെത്തിയവയിൽപെടുമെന്ന് ആദായനികുതി വകുപ്പ് ചെെന്നെ പ്രിൻസിപ്പൽ ഡയറക്ടർ എസ്. ബാബു വർഗീസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അതേവർഷം സെപ്റ്റംബർ 23നാണ് അസുഖബാധിതയായി ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആദായനികുതി വകുപ്പിെൻറ പരിശോധനയിൽ അനധികൃത സ്വത്തുസമ്പാദനത്തിൽ കുടുങ്ങിയ പി. രാമമോഹന റാവുവായിരുന്നു അന്ന് ചീഫ് സെക്രട്ടറി. പുകയില കമ്പനികളുടെ ഉടമയായ മാധവ റാവുവിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽ ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കറിന് 56 ലക്ഷം രൂപയും നിലവിലെ ഡി.ജി.പിയായ ടി.കെ. രാജേന്ദ്രന് ലക്ഷങ്ങളും മാസംതോറും നൽകിയതായും രേഖപ്പെടുത്തിയിരുന്നു.
മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ആരോപണവിധേയരായ പുകയില അഴിമതിക്കേസ് സി.ബി.െഎക്ക് വിടണമെന്ന് ഡി.എം.കെ എം.എൽ.എയായ ജെ. അൻപഴകൻ നൽകിയ െപാതുതാൽപര്യ ഹരജിയിൽ ആദായനികുതി വകുപ്പിനോട് മറുപടിനൽകാൻ കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടെ പുകയില അഴിമതിവിഷയം നിയമസഭയിൽ ഉന്നയിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഡി.എം.കെ തമിഴ്നാട് നിയമസഭ ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.