ഹാസൻ: കർണാടകയിലെ ഹാസൻ ജില്ലയിൽ പട്ടാപ്പകൽ 23കാരിയായ സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ട് പോയി. എസ്.യു.വിയിലെത്തിയ മൂന്നംഗ സംഘമാണ് സ്കൂൾ അധ്യാപികയായ അർപിതയെ തട്ടിക്കൊണ്ട് പോയത്. അവർ ജോലി ചെയ്യുന്ന സ്കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. കാറിലെത്തിയ സംഘം യുവതിയെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. അർപിതയുടെ അടുത്തേക്ക് എസ്.യു.വി എത്തുന്നതും കാറിലുള്ള രണ്ട് പേർ ചേർന്ന് അവരെ വാഹനത്തിലേക്ക് വലിച്ച് കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
ബന്ധുവായ രാമുവാണ് അർപിതയെ തട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. ഇരുവരും തമ്മിൽ നാല് വർഷമായി അടുപ്പത്തിലായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം നടത്താൻ മൂന്ന് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സ്കൂൾ അവധി ദിനത്തിലാണ് അധ്യാപികയെ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോയത്. സ്കൂൾ അവധി ദിവസം അവർ സ്കൂളിന് സമീപത്ത് എത്തിയതെന്തിനാണെന്ന് അന്വേഷിക്കുന്നുണ്ട്. അന്ന് സ്കൂളിൽ മറ്റെന്തെങ്കിലും പരിപാടിയുണ്ടായിരുന്നോവെന്നതും പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് ഹാസൻ പൊലീസ് മേധാവി പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധനയും നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.