മുംബൈ: മൂന്നു വർഷം മുമ്പ് പുണെയിൽ മുസ്ലിം സോഫ്റ്റ്വെയർ എൻജിനീയറെ ഹിന്ദു രാഷ്ട്ര സേന അംഗങ്ങൾ അടിച്ചുകൊന്ന കേസിലെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ പദവിയിൽനിന്ന് മഹാരാഷ്ട്ര സർക്കാറിെൻറ ‘നക്ഷത്ര’ അഭിഭാഷകൻ ഉജ്ജ്വൽ നികം പിന്മാറി. തന്നെ പദവിയിൽനിന്ന് അടിയന്തരമായി പിൻവലിച്ചതായുള്ള മഹാരാഷ്ട്ര നിയമ വകുപ്പിെൻറ കത്ത് നികം പുണെയിലെ സെഷൻസ് കോടതിയിൽ നൽകി.
മേയ് ഒമ്പതിനാണ് നികമിനെ കേസിലെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റിയതായി അറിയിക്കുന്ന സർക്കാർ കുറിപ്പ് പുറപ്പെടുവിച്ചത്. ഉജ്ജ്വൽ നികമിെൻറ അഭ്യർഥന മാനിച്ച് പിൻവലിക്കുകയാണെന്നാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ, പിന്മാറുന്നതിെൻറ കാരണം വെളിപ്പെടുത്തിയിട്ടില്ല.
ബാൽ താക്കറെയെയും ശിവജിയെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാരോപിച്ച് 2014 ജൂൺ രണ്ടിന് രാത്രിയാണ് സോഫ്റ്റ്വെയർ എൻജിനീയറായ മുഹ്സിൻ ശൈഖിനെ ഹിന്ദു രാഷ്ട്ര സേന പ്രവർത്തകർ ഹോക്കിസ്റ്റിക്കുകൊണ്ട് അടിച്ചുകൊന്നത്. സംഘടന മേധാവി ധനഞ്ജയ് ദേശായി അടക്കം 21 പേരാണ് പ്രതികൾ. ദേശായി അടക്കം അഞ്ചു പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മുഹ്സിെൻറ പിതാവ് സാദിഖ് ശൈഖിെൻറ അഭ്യർഥനയെ തുടർന്ന് 2014 ഒാഗസ്റ്റിൽ അന്നത്തെ കോൺഗ്രസ് സർക്കാറാണ് േകസിൽ ഉജ്ജ്വൽ നികമിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതുവരെ ആത്മാർഥമായാണ് നികം കേസ് വാദിച്ചതെന്നും പിന്മാറ്റ തീരുമാനം പുനഃപരിശോധിക്കണമെന്നും സാദിഖ് ശൈഖ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.