മുംബൈ: സെലിബ്രിറ്റികൾക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത കേസിൽ അന്വേഷണത്തിന് എത്തിയ പൊലീസുകാർക്ക് നേരെ നായയെ അഴിച്ചുവിട്ട് 19കാരൻ. ബോളിവുഡ് നടന്മാർക്കും ബാന്ദ്ര, ഖർ, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നർക്കുമാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത്. ഇത് അന്വേഷിക്കാനെത്തിയ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർക്ക് നേരെയാണ് യുവാവ് നായയെ അഴിച്ചുവിട്ടത്.
12 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രി സദാനനന്ദ് ക്ലാസിക് ബിൽഡിങ്ങിൽ യുവാവിന്‍റെ വീട് റെയ്ഡ് നടത്താൻ എത്തിയത്. അയാൻ സിഹ്നക്ക് രണ്ട് നായകളാണ് ഉണ്ടായിരുന്നത്. ഒരു ലാബ്രഡോറും ഒരു തെരുവുനായയും.
പേടിപ്പെടുത്തുന്ന സാഹചര്യത്തിലാണ് വീട് റെയ്ഡ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അയാൻ സിഹ്നയും ഇയാളുടെ പിതാവും രണ്ട് നായകളേയും അഴിച്ചുവിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അയാന്‍റെ വീട്ടിലെ കംപ്യൂട്ടറിന്‍റെ സി.പി.യുവിനുള്ളിൽ നിന്ന് 2.30 ലക്ഷം രൂപയും പാക്കറ്റുകളിലാക്കിയ മരിജുവാനയും പിടിച്ചെടുത്തു. ഇറക്കുമതി ചെയ്ത മരിജുവാനയുടെ വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന മരിജുവാനയുടെ പാക്കറ്റ് ജനാലക്ക് മുകളിൽ നിന്നും കണ്ടെടുത്തായും പൊലീസ് പറഞ്ഞു.
അയാന്‍റെ പിതാവ് വളരെ മോശമായാണ് പെരുമാറിയതെങ്കിലും മകനെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞു. കാനഡ, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത് എന്നാണ് വിവരം.
സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണത്തോട് അനുബന്ധിച്ച് പല സെലിബ്രിറ്റികളേയും മയക്കുമരുന്ന് ഇടപാടുകളുടെ പേരിൽ സംശയിച്ചിരുന്നു. ഇവർക്ക് അയാൻ സിഹ്നയുടെ ബിസിനസുമായി പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. വെറും 19 വയസ് മാത്രം പ്രായമുള്ള അയാൻ സിഹ്നക്ക് പ്രശസ്തരുമായി ബിസിനസ് നടത്താൻ ആകില്ലെന്നും ഇതിന് പിന്നിൽ മറ്റ് പലരും ഉണ്ടാകാമെന്നുമാണ് പൊലീസിന്‍റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.