അഹ്മദാബാദ്: ഗുജറാത്ത് കലാപ ഗൂഢാലോചന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. വനിതയെന്ന പരിഗണന മുൻനിർത്തിയാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. രണ്ടുമാസമായി ടീസ്റ്റ ജയിലിലാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, സ്ഥിര ജാമ്യം ആവശ്യപ്പെട്ട് ടീസ്റ്റ നൽകിയ ഹരജി ഗുജറാത്ത് ഹൈകോടതിയുടെ പരിഗണനയിലാണ്. കേസ് ഹൈകോടതി പരിശോധിക്കുന്നതു വരെ പാസ്പോർട്ട് ഹാജരാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും നിർദേശമുണ്ട്.
ഗുജറാത്ത് വംശഹത്യ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കുടുക്കാൻ വ്യാജ രേഖകൾ ചമച്ചുവെന്ന് ആരോപിച്ചാണ് ടീസ്റ്റ സെറ്റൽവാദിനെതിരെ കേസെടുത്ത് ജൂൺ 25ന് അറസ്റ്റ് ചെയ്തത്.
മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാറിനും ഗുജറാത്ത് ഹൈകോടതിക്കും നേരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിൽ രണ്ടുമാസമായി കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടെന്നാണ് കോടതി ചോദിച്ചത്.
ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ കൊലപാതകം പോലെ ഗുരുതരമല്ല. ജാമ്യം നല്‍കുന്നതിന് തടസമാകുന്ന കുറ്റങ്ങളൊന്നും എഫ്.ഐ.ആറില്‍ ഇല്ല. ജാമ്യഹരജിയിൽ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ഗുജറാത്ത് സർക്കാറിന് ഹൈകോടതി ആറ് ആഴ്ച സമയം അനുവദിച്ചത് എന്തുകൊണ്ടെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.