അഹ്മദാബാദ്: കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ നടപടികൾ കർശനമാക്കി ഗുജറാത്ത് പൊലീസ്. മുംബൈയിൽ നിന്ന് അഹ്മദാബാദിലെത്തിച്ച ടീസ്റ്റയുടെ അറസ്റ്റ് ഗുജറാത്ത് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ സിറ്റി ക്രൈംബ്രാഞ്ചിന് അവരെ കൈമാറി.
അറസ്റ്റിനിടെ, പൊലീസ് തന്നോട് പരുഷമായി പെരുമാറിയെന്നും കൈയിൽ വലിയ പരിക്കുണ്ടെന്നും ടീസ്റ്റ ആരോപിച്ചു. അഹ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ വൈദ്യ പരിശോധനക്ക് കൊണ്ടുവന്നപ്പോഴായിരുന്നു പരിക്കേറ്റ കൈ ഉയർത്തിക്കാട്ടിയുള്ള പ്രതികരണം.
വൈകീട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ടീസ്റ്റയെയും ശ്രീകുമാറിനെയും ജൂലൈ ഒന്നുവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡിയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. വാദത്തിനിടെ, പൊലീസ് തന്നെ കൈയേറ്റം ചെയ്തുവെന്ന് ടീസ്റ്റ കോടതിയെ അറിയിച്ചു. ഇതോടെ വീണ്ടും വൈദ്യ പരിശോധനക്ക് കോടതി നിർദേശിച്ചു. വാദം നടക്കവേ തന്നെ വൈദ്യപരിശോധനക്കായി ടീസ്റ്റയെ സിറ്റി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
കേസ് അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധസേന ഡി.ഐ.ജിയും മലയാളിയുമായ ദീപൻ ഭദ്രന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. അഹ്മദാബാദ് ക്രൈംബ്രാഞ്ച് ഡി.സി.പി, തീവ്രവാദ വിരുദ്ധ സേന എസ്.പി എന്നിവരും സംഘത്തിലുണ്ട്.
2002 ലെ ഗുജറാത്ത് വംശഹത്യ കേസിന്റെ അന്വേഷണം വ്യാജ വിവരങ്ങൾ നൽകി വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ടീസ്റ്റ സെറ്റൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ ശനിയാഴ്ച കേസെടുത്തത്. വംശഹത്യ കേസിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം 63 ഉന്നതരെ സുപ്രീംകോടതി കുറ്റമുക്തരാക്കിയതിന് പിന്നാലെയായിരുന്നു ഗുജറാത്ത് പൊലീസിന്റെ നീക്കം.
ടീസ്റ്റയെ മുംബൈ ജുഹുവിലെ വസതിയിൽ നിന്നും ശ്രീകുമാറിനെ അഹ്മദാബാദിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പഴയൊരു കസ്റ്റഡി മരണക്കേസിൽ പ്രതിയാക്കപ്പെട്ട സഞ്ജീവ് ഭട്ട് വർഷങ്ങളായി ബാനസ്കന്ദയിലെ ജയിലിലാണ്. പുതിയ കേസിന്റെ അന്വേഷണത്തിനായി ഭട്ടിനെ വിട്ടുകിട്ടാനുള്ള ട്രാൻസ്ഫർ വാറന്റ് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ഡി.സി.പി ചൈതന്യ മണ്ഡലിക് അറിയിച്ചു.
വംശഹത്യ കേസിൽ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമീഷനിലും വിവിധ കോടതികളിലും ടീസ്റ്റയും ശ്രീകുമാറും ഭട്ടും സമർപ്പിച്ച രേഖകളും സത്യവാങ്മൂലങ്ങളും വീണ്ടെടുക്കാൻ നടപടി തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ടീസ്റ്റയും ശ്രീകുമാറും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മണ്ഡലിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.