ന്യൂഡൽഹി: തെലങ്കാനയിൽ ബി.ജെ.പിയുടെ നാല് എം.പിമാരിൽ മൂന്ന് പേരും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബി.ജെ.പി പുറത്തിറക്കിയ 52 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ് കുമാർ, അദ്ദേഹത്തിന്റെ ബദ്ധ വൈരി മുൻ ബി.ആർ.എസ് നേതാവ് എറ്റല രാജേന്ദർ, വിദ്വേഷ പ്രസംഗത്തിന് ശിക്ഷിക്കപ്പെട്ട് സസ്പെൻഷനിലായിരുന്ന തീവ്ര ഹിന്ദുത്വ നേതാവ് ടി. രാജ സിങ് തുടങ്ങിയവരുമുണ്ട്. എം.പിമാരിൽ ബണ്ടി സഞ്ജയ് കുമാർ കരീം നഗറിലും സോയം ബാപ്പു ബോവതിലും ധർമപുരി അരവിന്ദ് കൊരട്ലയിലും മത്സരിക്കും. കേന്ദ്ര മന്ത്രി കിഷൻ റെഡ്ഢി മാത്രമാണ് പട്ടികയിലില്ലാത്ത എം.പി. ഒരു വർഷം മുമ്പ് വരെ ഭരണകക്ഷിയായ ബി.ആർ.എസിന് കനത്ത വെല്ലുവിളിയുയർത്തി മുഖ്യ എതിരാളിയായി പ്രചാരണ രംഗത്തുണ്ടായിരുന്ന ബി.ജെ.പി, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോടെയാണ് പിന്നിലേക്ക് തള്ളപ്പെട്ടത്. ഭാരത് ജോഡോ യാത്രക്ക് ശേഷം രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ കോൺഗ്രസ്, പുതിയ പ്രവർത്തക സമിതിയുടെ പ്രഥമ യോഗം തെലങ്കാനയിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.