നീറ്റ് പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി; വ്യാപക ക്രമക്കേട് നടന്നിട്ടില്ല

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. പരീക്ഷ നടത്തിപ്പിൽ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാൽ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകൾ കണ്ടെത്താനായിട്ടില്ലെന്നും വീണ്ടും പരീക്ഷ നടത്തിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കു​മെന്നും സുപ്രീംകോടതി വ്യക്തമാക്കി. 24 ലക്ഷം വിദ്യാർഥികളെയാണ് പുനഃപരീക്ഷ ബാധിക്കുക. ചോദ്യ പേപ്പർ വ്യാപകമായി ചോർന്നതിന് തെളിവില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പരീക്ഷയുടെ പവിത്രതയെ അത് ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

നീറ്റ് പരീക്ഷയിൽ വ്യാപകമായ ചോദ്യപേപ്പർ ചോർച്ച നടന്നിട്ടില്ലെന്നാണ് സി.ബി.ഐ അന്വേഷണത്തിലും കണ്ടെത്തിയത്. 155 പേർക്കാണ് ചോദ്യപേപ്പർ ചോർച്ച മൂലം ഗുണമുണ്ടായത്. ബിഹാറിലെ പട്ന, ഝാർഖണ്ഡിലെ അസാരിബാഗ്, ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നത് എന്നായിരുന്നു സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ട്. 

മേയ് അഞ്ചിന് 4750 കേന്ദ്രങ്ങളിലായാണ് നാഷണനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നീറ്റ് പരീക്ഷ നടത്തിയത്. 24 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ജൂൺ 14ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ പരീക്ഷാഫലം, പത്ത് ദിവസം മുമ്പ് ജൂൺ നാലിനു തന്നെ പ്രസിദ്ധീകരിച്ചു. എൻ.ടി.എയുടെ ചരിത്രത്തിൽ ആദ്യമായി 67 പേർ ഫുൾ മാർക്ക് നേടി. ഹരിയാനയിലെ ഫരീദബാദിലെ ഒറ്റ സെന്ററിലെ ആറു പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്ന ആശങ്കയുയർന്നു. പിന്നാലെ പരീക്ഷാഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ കോടതിയെ സമീപിക്കുകയായിരുന്നു.

നീറ്റ് -യു.ജിയിൽ ചോദ്യ പേപ്പർ ചോർന്നിട്ടില്ലെന്ന് പരീക്ഷാ നടത്തിപ്പുകാരായ എൻ.ടി‍.എ ആവർത്തിക്കുമ്പോഴും വിവാദമുയർന്നതിനു പിന്നാലെ ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഒരു ഡസനിലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. പട്നയിൽ ഏതാനും പേരെ സി.ബി.ഐയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുജറാത്തിലെ ഗോധ്രയിലെ ഒരു കേന്ദ്രത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 15 വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു. ഇവിടെനിന്ന് അറസ്റ്റുണ്ടായിട്ടുണ്ട്. വിദ്യാർഥികൾക്കു വേണ്ടി പരീക്ഷയെഴുതാൻ ആൾമാറാട്ടം നടത്തിയെന്നും, ഇതിനുവേണ്ടി പരീക്ഷാ മാധ്യമമായി ഗുജറാത്തി തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് നിർദേശം ലഭിച്ചെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു. ഒഡിഷ, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള വിദ്യാർഥികൾ ഇവിടെ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ ബിഹാറിൽ പ്രാദേശികമായി മാത്രം ക്രമക്കേട് നടന്നെന്നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ഹരിയാനയിലെ ബഹദുർഗഡിലെ സ്കൂളിൽ പരീക്ഷ തുടങ്ങാൻ വൈകിയെങ്കിലും എഴുതി പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് സമയം നൽകിയിരുന്നു. എന്നിട്ടും ഗ്രേസ് മാർക്ക് നൽകിയ എൻ.ടി.എയുടെ നടപടിയിൽ സംശയമുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു. ഒരേകേന്ദ്രത്തിൽ പരീക്ഷയെഴുതിയ ആറ് പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചത് ഗ്രേസ് മാർക്കിലൂടെയാണ്. ജൂൺ 23ന് നടത്തിയ പുനഃപരീക്ഷയിൽ ഇവരിൽ ഒരാൾക്കു പോലും മുഴുവൻ മാർക്ക് സ്കോർ ചെയ്യാനായില്ലെന്ന് എൻ.ടി.എ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

നീറ്റ് -യു.ജിയിൽ 700നു മുകളിൽ മാർക്ക് നേടിയവരുടെ എണ്ണം ഇത്തവണ അഞ്ചിരട്ടി വർധിച്ചു. 710നു മുകളിൽ മാർക്ക് നേടിയവരുടെ എണ്ണം ഒമ്പത് ഇരട്ടിയാണ്. 2021ൽ 720ൽ 710 മാർക്ക് നേടിയത് 23 വിദ്യാർഥികളാണ്. 2022ൽ 12, 2023ൽ 48 പേരും ഇതിനു മുകളിൽ മാർക്ക് നേടിയപ്പോൾ ഇത്തവണ അത് 500 ആയി ഉയർന്നു. ക്രമക്കേട് നടന്നെന്ന സംശയത്തെ തുടർന്ന് മേയ് 19ന് ബിഹാർ സർക്കാർ എൻ.ടി.എയോടെ ചോദ്യപ്പേപ്പറിന്‍റെ വിവരങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ജൂൺ 21ന് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇടപെട്ടതിനെ തുടർന്ന് മാത്രമാണ് എൻ.ടി.എ വിവരങ്ങൾ കൈമാറിയത്. പരീക്ഷാ നടത്തിപ്പുകാരെ സംശയ മുനയിൽ നിർത്തുന്ന മറ്റൊരു സംഭവമായി ഇത്.

Tags:    
News Summary - Supreme Court says no re examination of NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.