കാ​വ​ടി യാ​ത്ര: ഭക്ഷണശാലകളിലെ പേര് പ്രദർശന ഉത്തരവി​ലേക്ക് നയിച്ചത് സ്വാമി യശ്‍വീർ മഹാരാജിന്റെ ‘വിഷം തുപ്പൽ’

യു.​പി​യി​ലെ കാ​വ​ടി യാ​ത്രാ വ​ഴി​ക​ളി​ലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേ​ര് പ്ര​ദ​​ർശിപ്പിക്കണമെന്ന യു.പി സർക്കാറിന്‍റെ ഉ​ത്ത​ര​വിന് വഴിവെച്ചത് മുസഫർ നഗറിലെ യോഗ സദ്ന ആശ്രമം മേധാവി സ്വാമി യശ്‍വീർ മഹാരാജിന്റെ ‘വിഷം തുപ്പൽ’. മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നവരാണെന്ന് വരെ ആരോപിച്ച ഇയാൾ താൻ പ്രക്ഷോഭം ആരംഭിക്കുകയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കാണുകയും ചെയ്തതോടെയാണ് ഉത്തരവിറക്കിയതെന്നും അവകാശപ്പെടുന്നു.

കൻവാർ റൂട്ടിലെ മുസ്‍ലിംകളുടെ ഹോട്ടലുകളുടെയും ധാബകളുടെയും പേരുകളെക്കുറിച്ച് ആദ്യം ചോദ്യം ഉന്നയിച്ചത് യശ്‍വീർ മഹാരാജായിരുന്നു. മുസഫർ നഗർ ജില്ലയിൽനിന്ന് തന്നെയാണ് ഭക്ഷണശാലകളിൽ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്ന സമ്പ്രദായം ആരംഭിച്ചത്. ഇത് പിന്നീട് സംസ്ഥാനവ്യാപകമാക്കുകയായിരുന്നു.

‘ഹരിദ്വാർ മുതൽ കൻവാർ മാർഗ് വരെയുള്ള പല ഭക്ഷണശാലകളും ഹിന്ദു ദൈവങ്ങളുടെയും മഹാന്മാരുടെയും പേരിലും ആശയക്കുഴപ്പമുണ്ടാക്കുന്ന പേരുകളിലും പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇതിന്റെയെല്ലാം ഉടമകൾ മുസ്‍ലിംകളാണ്. മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നെന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിയുന്നു, ആർക്കറിയാം. അവർ ഭക്ഷണത്തിൽ മാംസം കലർത്തുന്നു. ഇതോടെയാണ് ഞങ്ങളുടെ ദൈവങ്ങളുടെയും ഹിന്ദു മഹാന്മാരുടെയും ആശയക്കുഴപ്പമുണ്ടാക്കുന്ന പേരുകളിലും ഒരു മുസ്‍ലിമും കട നടത്തരുതെന്നാവശ്യപ്പെട്ട് ഞങ്ങൾ ശബ്ദമുയർത്തിയത്. മുസ്‍ലിംകൾക്ക് അവരുടെ കടകൾ നടത്താം, എന്നാൽ അവരുടെ പേര് മറച്ചുവെച്ച് അത് നടത്തരുത്. സനാതന ധർമം പിന്തുടരുന്നവരെ വഞ്ചിക്കാൻ, ആളുകൾ അവരുടെ ഹോട്ടലുകളും മറ്റും വ്യത്യസ്ത പേരുകളിൽ നടത്തുകയാണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇത് പലപ്പോഴും ചെയ്യാറുണ്ട്’ -സ്വാമി യശ്‍വീർ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവ് നിരാശജനകമാണെന്നും എന്നാൽ, തൻ്റെ പോരാട്ടം തുടരുമെന്നും സ്വാമി യശ്‍വീർ പറഞ്ഞു. 'ആരെങ്കിലും തുപ്പിയ ഭക്ഷണം കഴിച്ച് അവർ മതേതര നേതാക്കളാണെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ, ഞാൻ തീർച്ചയായും എന്റെ പ്രസ്ഥാനത്തിൽനിന്ന് പിന്മാറും', പ്രതിപക്ഷ നേതാക്കളെ വെല്ലുവിളിച്ചുകൊണ്ട് സ്വാമി പറഞ്ഞു.

ഹിന്ദു മതം ഉപേക്ഷിച്ച് മുസ്‍ലിമായി മാറിയ ആളുകളെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാൻ 'ഘർ വാപസി' പ്രസ്ഥാനം നടത്തുന്നുണ്ട് യശ്‍വീർ. ഇതുവരെ തനിക്ക് 1500ലധികം ആളുകളെ തിരികെ കൊണ്ടുവന്നെന്ന് ഇയാൾ അവകാശപ്പെടുന്നു.

കാ​വ​ടി യാ​ത്രാ വ​ഴി​ക​ളി​ലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേ​ര് പ്ര​ദ​​ർശിപ്പിക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്യുകയും യു.പി സർക്കാരിന് നോട്ടീസ് അയക്കുകയും വെള്ളിയാഴ്ചക്കകം മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Kavadi Yatra: Swami Yashvir Maharaj's 'Poison Spit' leads to name display order in eateries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.