ക്ഷേത്രങ്ങൾ കണ്ടെത്താൻ പള്ളികൾ പൊളിക്കണം'; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കണമെന്ന് മജ്‌ലിസ് ബച്ചാവോ തെഹ്‌രീക്

തെലങ്കാന: ക്ഷേത്രങ്ങളുടെ തെളിവുകൾക്കായി സംസ്ഥാനത്തെ എല്ലാ മുസ്ലീം പള്ളികളും കുഴിച്ച് നോക്കണമെന്ന വിവാദ പരാമർശം നടത്തിയ തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുന്നു. ബന്ദി സഞ്ജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മജ്‌ലിസ് ബച്ചാവോ തെഹ്‌രീക്(എം.ബി.ടി) ഹൈദരാബാദ് പൊലീസിനെ സമീപിച്ചു. വർഗീയ വിദ്വേഷവും അക്രമങ്ങളും വളർത്തുന്ന പരാമർശം നടത്തിയ സഞ്ജയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം. കേസെടുക്കുന്നത് െെവകിയാൽ വൻ പ്രതിഷേധം നേരിടേണ്ടിവരുമെന്നും എം.ബി.ടി മുന്നറിയിപ്പ് നൽകി.

മെയ് 25ന് ഹിന്ദു ഏകതാ യാത്രയുടെ ഭാഗമായി കരിംനഗറിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ബന്ദി സഞ്ജയുടെ വിവാദ പരാമർശം. മുസ്ലീംകൾക്കുള്ള നാല് ശതമാനം സംവരണം നിർത്തലാക്കണമെന്നും ബന്ദി സഞ്ജയ് പറഞ്ഞിരുന്നു. ഉറുദു ഭാഷയ്ക്കും ഉറുദു സംസാരിക്കുന്ന ആളുകൾക്കുമെതിരെ ബന്ദി സഞ്ജയ് വളരെ മോശമായ വാക്കുകൾ ഉപയോഗിച്ചതായും എം.ബി.ടി നേതാവ് അംജദുള്ള ഖാൻ ദബീർപുര പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദങ്ങൾക്ക് പിന്നാലെ സമാനമായ നിരവധി പരാമർശങ്ങളാണ് വരുന്നത്. മുകൾ കാലഘട്ടത്തിലെ പള്ളികളെല്ലാം പൊളിച്ച് സർവ്വെ നടത്തിയാൽ പുരാതന ഹിന്ദു ക്ഷേത്രങ്ങൾ കണ്ടെത്താമെന്നായിരുന്നു ബജ്രംഗ് ദൾ നേതാവ് വികാസ് ത്യാഗി കഴിഞ്ഞ ദിവസം പറഞ്ഞത്. മുകൾ കാലഘട്ടിലെ എല്ലാ പള്ളികളും ഹിന്ദു സമുദായത്തിന്‍റേതാണ്. പള്ളികൾ പൊളിച്ചാൽ രാമക്ഷേത്രമോ ശിവ ക്ഷേത്രമോ കാണാമെന്നായിരുന്നു വികാസ് ത്യാഗിയുടെ പ്രസ്താവന.

Tags:    
News Summary - Telangana BJP chief Bandi Sanjay lands in trouble for ‘provocative’ speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.