ഹൈദരാബാദ്: കേന്ദ്ര സർക്കാരിന്റെ നെല്ലു സംഭരണ നയത്തിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നാളെ രാജ്യതലസ്ഥാനത്ത് ധർണ നടത്തും. ധർണ ഒരു ദിവസം നീളുമെന്ന് തെലുങ്കാന സർക്കാർ അറിയിച്ചു. 61 ലക്ഷം കർഷകരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നതാണ് പ്രശ്നമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിഷേധത്തിൽ സംസ്ഥാന സർക്കാരിലെ നിരവധി മന്ത്രിമാർ, ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) എം.പിമാർ, എം.എൽ.എമാർ, നഗര, ഗ്രാമ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
നെല്ല് സംഭരണ വിഷയത്തിൽ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തെലുങ്കാന കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാൻ പാർട്ടി സജ്ജമാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ മകളും എം.എൽ.എയുമായ കെ. കവിത പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പദ്ധതികളും നയങ്ങളും ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് ഭീഷണിയാണ്. കർഷകരുടെ താൽപര്യത്തിനായി ടി.ആർ.എസ് പാർട്ടി പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ശ്രമഫലമായാണ് വെറും തരിശായി കിടന്ന തെലുങ്കാനയെ രാജ്യത്തെ മറ്റ് ഭാഗങ്ങളെ സേവിക്കാൻ പ്രാപ്തമാക്കും വിധം സമൃദ്ധമായ ഭൂമിയാക്കി മാറ്റിയത്. രാജ്യത്ത് ഒരു സർക്കാറും കർഷകരുടെ വില കൊടുത്ത് അഭിവൃദ്ധി പ്രാപിച്ചിട്ടില്ലെന്നും കർഷകരെ അവഗണിക്കുന്നതിന്‍റെ അനന്തര ഫലങ്ങളെ കുറിച്ച് ബി.ജെ.പിയെ ഓർമിപ്പിച്ച് കവിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.