ന്യുഡൽഹി: സുതാര്യമായ സർക്കാറിനെ തെരഞ്ഞെടുക്കാൻ തെലങ്കാന ജനത തീരുമാനിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സുതാര്യവും അവശത അനുഭവിക്കുന്നവർക്ക് സുരക്ഷ നൽകുന്നതുമായ സർക്കാറിനെ തെരഞ്ഞെടുക്കാൻ തെലങ്കാനയിലെ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"തെലങ്കാനയിലെ ജനങ്ങൾ സുതാര്യവും ജനസൗഹൃദവും അവശത അനുഭവിക്കുന്നവർക്ക് സുരക്ഷ നൽകുന്നതുമായ സർക്കാറിനെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ തെലങ്കാനയുടെ സമയമാണ് ഇനി. ഇത് സാധ്യമാക്കാൻ വൻതോതിൽ വോട്ട് രേഖപ്പെടുത്തണം. വർഷങ്ങളായി വിയർപ്പും രക്തവും ചൊരിഞ്ഞ തെലങ്കാനയിലെ ജനങ്ങളുടെ എണ്ണമറ്റ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനുള്ള സമയമാണിത്"- ഖാർഗെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ആദ്യമായി വോട്ട് ചെയ്യുന്നവരെ മാറ്റത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാൻ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ പ്രഭുക്കന്മാരെ വിജയിക്കാൻ പോകുകയാണെന്നും സുവർണ തെലങ്കാന നിർമാണത്തിന് കോൺഗ്രസിന് വോട്ട് ചെയ്യാനും രാഹുൽ ഗാന്ധിയും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
വോട്ട് ചെയ്യുന്നത് അവകാശവും ഏറ്റവും വലിയ ഉത്തരവാദിത്തവുമാണെന്നും തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്‌നങ്ങൾ വോട്ടിന്റെ ശക്തികൊണ്ട് സാക്ഷാത്കരിക്കുകയെന്നുമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തെലങ്കാനയിലെ ജനങ്ങളോട് പറഞ്ഞത്.
തെലങ്കാനയിലെ 119 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. വീറും വാശിയും നിറഞ്ഞ മൂന്നാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.