തുരങ്ക അപകടത്തെ തുടർന്ന് തെലങ്കാന മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗം
നാഗർകുർനൂൽ (തെലങ്കാന): ഭാഗികമായി തകർന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിൽ അഞ്ച് ദിവസമായി കുടുങ്ങിക്കിടക്കുന്ന എട്ടുപേരെ രക്ഷപ്പെടുത്താൻ കഴിയാതെ രക്ഷാപ്രവർത്തകർ. വിദഗ്ധ സംഘം തുരങ്കത്തിന്റെ അവസാന 50 മീറ്റർ വരെ എത്തിയെങ്കിലും അപകടത്തിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഇനിയും മുന്നോട്ടുപോകണം. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, റാറ്റ് മൈനേഴ്സ് എന്നിവരടങ്ങുന്ന 20 അംഗ സംഘത്തിന് അവസാന പോയന്റുകളിൽ എത്താൻ കഴിഞ്ഞെന്നും എങ്ങനെ മുന്നോട്ട് പോകണമെന്ന് പഠിക്കുകയാണെന്നും നാഗർകുർനൂൽ പൊലീസ് സൂപ്രണ്ട് വൈഭവ് ഗെയ്ക്വാദ് പറഞ്ഞു. ചളിയും വെള്ളവും തുടർച്ചയായി ഒഴുകുന്നതിനാൽ രക്ഷാപ്രവർത്തകരുടെ ജീവന് ഭീഷണിയുണ്ട്. മണ്ണിന്റെ ബലവും മറ്റും സംബന്ധിച്ച റിപ്പോർട്ടുകൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യാ സംഘം ഇതുവരെ സമർപ്പിച്ചിട്ടില്ല.
ഒരു പ്രവേശന കവാടം മാത്രമായതിനാൽ ഏറ്റവും സങ്കീർണവും ബുദ്ധിമുട്ടുള്ളതുമായ രക്ഷാപ്രവർത്തനമാണിതെന്ന് സംസ്ഥാന ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഡി പറഞ്ഞു. തുരങ്കത്തിലേക്ക് ഓക്സിജൻ തുടർച്ചയായി പമ്പ് ചെയ്യുന്നുണ്ടെങ്കിലും കുടുങ്ങിക്കിടക്കുന്നവരുടെ ഒരു സൂചനയും ലഭിച്ചില്ല. ഈമാസം 22നാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്ക പദ്ധതിയിലെ എട്ട് ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ടത്.
രക്ഷാപ്രവർത്തനത്തിനിടെ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കനാൽ പദ്ധതിയുടെ കരാറുകാരായ ജെയ്പീ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ജയ് പ്രകാശ് ഗൗർ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന വ്യക്തികളെ പുറത്തുകൊണ്ടുവരാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന എട്ടുപേരിൽ രണ്ട് എൻജിനീയർമാരും നാല് തൊഴിലാളികളും ജെയ്പീ ഗ്രൂപ്പിന്റെ ജോലിക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.