ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആപിന്‍റെ പരസ്യവാചകമിങ്ങനെ: 'ശശിതരൂരിനെ പോലെ ഒഴുക്കൻ ഇംഗ്ലീഷ് സംസാരിക്കാം'. പരസ്യത്തിൽ അദ്ദേഹത്തിന്‍റെ ഫോേട്ടായുമുണ്ട്. ഈ പരസ്യത്തിന്‍റെ സ്ക്രീൻ ഷോട്ട് സഹിതം 'തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെ'ന്ന് ശശി തരൂർ തന്നെ ട്വീറ്റ് ചെയ്തതോടെ ചർച്ച ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. തന്‍റെ പേരും ഫോേട്ടായും ഉപയോഗിച്ചതിന് നിയമനടപടി കൈകൊള്ളുമെന്നും തരൂർ ട്വീറ്റ് ചെയ്തു.
എഴുത്തുകാരനും കോൺഗ്രസ് നേതാവുമായ ശശി തരൂരിന് ഇംഗ്ലീഷ് ഭാഷയിലുള്ള അവഗാഹം പ്രസിദ്ധമാണ്. പൊതു സമൂഹത്തിന് പരിചിതമല്ലാത്ത വാക്കുകളും പ്രയോഗങ്ങളും പരിചയപ്പെടുത്തി ഏറെ കയ്യടി നേടിയയാൾ കൂടിയാണ് തരൂർ.
'നിരവധി വിദ്യാർഥികൾ അബദ്ധത്തിൽ ചാടിയപ്പോഴാണ് ഇത് (പരസ്യം) എന്‍റെ ശ്രദ്ധയിൽ പെടുന്നത്. ഈ ആപുമായി എനിക്കൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയാണ്. എന്‍റെ പേരും ചിത്രവും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി കൈകൊള്ളും' - തരൂർ ട്വീറ്റ് ചെയ്തു. ബ്ലാക്ക്ബോർഡ് റേഡിയോ എന്ന ആപിന്‍റെ പരസ്യചിത്രവും കൂടെ ചേർത്തിട്ടുണ്ട്.
തരൂരിന്‍റെ ട്വീറ്റിനെ തുടർന്ന് വ്യത്യസ്ത പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. തരൂരിനെ ഉദാഹരണമായി ചൂണ്ടികാണിക്കുക മാത്രമാണ് പരസ്യത്തിൽ ചെയ്തതെന്ന് ചിലർ ചൂണ്ടികാട്ടി. ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആപ് ശശി തരൂർ തന്നെ തുടങ്ങണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു.
തരൂർ യുവജനങ്ങൾക്ക് പ്രചോദനമാണെന്നും ഒരു മാതൃകയായി അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചിലർ പരസ്യത്തെ ന്യായീകരിച്ചു.
തരൂർ ഒഴുക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നതിന് പിന്നിലെ യഥാർഥ രഹസ്യം തേടിയും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്. 'ശരിക്കും തരൂരിനെ പോലെ എങ്ങനെയാണ് ഇംഗ്ലീഷ് സംസാരിക്കുക. താങ്കൾക്ക് മാത്രമാണ് ആ ചോദ്യത്തിന് ഉത്തരം പറയാനാകുക' - ഒരാൾ തരൂരിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.